പ്രതിഷേധവുമായി രാഷ്ട്രീയക്കാരും
1246599
Wednesday, December 7, 2022 10:01 PM IST
അമ്പലപ്പുഴ: ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശുവും പിന്നീട് യുവതിയും മരിച്ചതിനു പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രി രാഷ്ട്രീയക്കാർക്കും സമരവേദിയായി. മണിക്കൂറുകളോളം സംഘർഷാവസ്ഥയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നവജാത ശിശു മരിച്ച നിമിഷം മുതൽ ആശുപത്രിയും പരിസരവും സംഘർഷഭൂമിയായി. രാത്രിയോടെ രംഗം ശാന്തമായെങ്കിലും പുലർച്ചെ യുവതിയുടെ മരണമറിഞ്ഞതോടെ വീണ്ടും സംഘർഷാവസ്ഥയായി. അപർണയെ ചികിത്സിച്ച ഡോ. തങ്കുകോശിക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ബന്ധുക്കൾ രാവിലെ മുതൽതന്നെ ബഹളം തുടങ്ങി. യുവതിയുടെ മരണ വിവരമറിഞ്ഞു രാവിലെ നിരവധി പേർ ആശുപത്രിയിൽ തടിച്ചുകൂടി.
രാവിലെ 10ഓടെ യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. ആശുപത്രി കവാടത്തിനു മുന്നിൽ നിന്നാരംഭിച്ച മാർച്ച് കാരുണ്യ ഫാർമസിക്കു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്നു നടന്ന ധർണ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പിന്നീട് ബിജെപി ആശുപത്രി കവാടത്തിനു മുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐയും മാർച്ചു സംഘടിപ്പിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം എം. ലിജു തുടങ്ങിയവരും ആശുപത്രിയിലെത്തിയിരുന്നു.