കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ
1225577
Wednesday, September 28, 2022 10:46 PM IST
ചേർത്തല: ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി രഞ്ജിത്ത് സർക്കാരിനെ (24) ആണ് ചേർത്തല റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ജെ. റോയിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളില്‍നിന്നു 1.350 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ ചേര്‍ത്തല റെയില്‍വേസ്റ്റേഷനുസമീപം വാഹനപരിശോധനയ്ക്കിടയിലാണ് ഇയാളെ പിടികൂടിയത്. കലവൂർ ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരുന്ന ആസാം സ്വദേശിക്ക് നൽകാൻ കൊണ്ടുപോകുകയായിരുന്നു.
25,000 രൂപ വില നിശ്ചയിച്ചു കൊണ്ടുവന്ന കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. പ്രതി അറസ്റ്റിലായ വിവരം അറിഞ്ഞ് കലവൂരിൽ താമസിച്ചിരുന്ന ആസാം സ്വദേശി ഒളിവിലായി. കഴിഞ്ഞദിവസങ്ങളിലായി എറണാകുളം കേന്ദ്രീകരിച്ച് ആലപ്പുഴയ്ക്ക് കഞ്ചാവ് കടത്തുന്ന നിരവധി പേരെ ചേർത്തല എക്സൈസ് പിടികൂടിയിരുന്നു.
ഇവരിൽനിന്നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന തൊഴിലാളികളും കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. എക്സൈസ് സംഘത്തില്‍ സിവിൽ എക്സൈസ് ഓഫീസർമാരായ ബി.എം. ബിയാസ്, പി.എ. അനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഷിബു പി. ബെഞ്ചിൽ, ഡി.മായാജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എന്‍. ബാബു, എക്സൈസ് സൈബർ ടീം അംഗങ്ങളായ വർഗീസ് പയസ്, അൻഷാദ് എന്നിവർ ഉണ്ടായിരുന്നു.