സിപിഎം നേതാവിനെ കാണാതായിട്ട് നാളെ ഒരുവർഷം
1225262
Tuesday, September 27, 2022 10:51 PM IST
അന്പലപ്പുഴ: സിപിഎം നേതാവിനെ കാണാതായിട്ട് നാളെ ഒരുവർഷം. ദുരൂഹത ഒഴിയാതെ ബന്ധുക്കളും നട്ടംതിരിഞ്ഞ് പോലീസും. തോട്ടപ്പള്ളി പൊരിയന്റെപറമ്പിൽ കെ. സജീവനെയാണ് കഴിഞ്ഞ സെപ്റ്റംബർ 29 മുതല്‍ കാണാതായത്.
പുതിയ വസ്ത്രം എവിടെനിന്ന്?
മത്സ്യബന്ധന ബോട്ടില്‍ ജോലിക്കു പോയതായിരുന്നു സജീവൻ. ഭാര്യ സജിത വിളിച്ചതനുസരിച്ച് തിരിച്ചെത്തിയ സജീവന് വീട്ടില്‍ എത്തിയില്ല. സജിതയുടെ കുടുംബവീടായ പുത്തന്നടയില്നിന്ന് ഓട്ടോയില്‍ തോട്ടപ്പള്ളി ജംഗ്ഷനില്‍ വന്നിറങ്ങുന്നത് കണ്ടവരുണ്ട്. എന്നാല്‍, സജിതയുടെ വീട്ടില്‍ ചെന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
വീട്ടില്‍നിന്നു പുറപ്പെടുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രമല്ല തോട്ടപ്പള്ളിയില്‍ വന്നിറങ്ങുമ്പോള്‍ അണിഞ്ഞിരുന്നത്. പുത്തന്നടയില്നിന്ന് സജീവന് വസ്ത്രം നല്‍കിയത് ആരാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
വിഎസ് പക്ഷക്കാരൻ
സജീവന്റെ തിരോധാനത്തില്‍ ഏറെ നട്ടം തിരിയുന്നത് പോലീസാണ്. അമ്പലപ്പുഴ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് സജീവനുവേണ്ടി അന്വേഷണം നടത്തിയത്. തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. തോട്ടപ്പള്ളി പൂത്തോപ്പ് സിപിഎം ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് ബ്രാഞ്ചംഗമായ സജീവനെ കാണാതായത്. വിഎസ് പക്ഷക്കാരനായിരുന്ന സജീവനെ വിഭാഗിതയുടെ പേരില്‍ ഒളിപ്പിച്ചതാകാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സജീവന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും നൽകിയിരുന്നു.
അവിശ്വസനീയം
സജീവൻ പൊഴിയിൽ പെട്ടുപോയതാകാമെന്ന മറുപടിയാണ് അന്വേഷണ സംഘം കോടതിയിൽ നൽകിയത്. എന്നാൽ, അവിശ്വസനീയമായ വിശദീകരണമാണ് ഈ കേസിൽ കോടതിയിൽ പോലീസ് നൽകിയത്.
മത്സ്യത്തൊഴിലാളി കൂടിയായ സജീവൻ ഒഴുക്കിൽപ്പെട്ടതാകാമെന്ന വിശദീകരണം ബന്ധുക്കളടക്കം ആരും വിശ്വസിച്ചിട്ടില്ല. അന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് അമ്പലപ്പുഴ പോലീസ് ഈ വിശദീകരണം നൽകിയത്.
ഈ മറുപടിയോടെ വിവാദമായ കേസന്വേഷണം പോലീസ് ഏതാണ്ട് അവസാനിപ്പിച്ചിരിക്കുകയാണ്. എങ്കിലും ഒരു വർഷം കഴിയുമ്പോഴും സജീവൻ എവിടെയെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്.