കോട്ടയം മല്ലപ്പള്ളി റോഡില്‍ ഇരുപ്പയ്ക്കലിലെ അപകടക്കുഴിയില്‍ ലോക്കുകട്ട പാകി സഞ്ചാരയോഗ്യമാക്കി
1507668
Thursday, January 23, 2025 4:32 AM IST
കറുകച്ചാല്‍: കോട്ടയം-മല്ലപ്പള്ളി റോഡിലെ ഇരുപ്പയ്ക്കല്‍ പള്ളിക്കു സമീപമുള്ള വളവിലെ അപകടക്കെണിക്ക് പരിഹാരമാകുന്നു. യാത്രക്കാരുടെയും നാട്ടുകാരുടെയും നിരന്തരമായ പരാതികള്‍ക്കൊടുവിൽ ലോക്കുകട്ട നിരത്തി റോഡ് സഞ്ചാരയോഗ്യമാക്കി.
മികച്ച നിലവാരത്തില്‍ ടാര്‍ ചെയ്ത സ്റ്റേറ്റ് ഹൈവേയായ കോട്ടയം-മല്ലപ്പള്ളി റോഡിലെ യാത്രക്കാര്‍ക്ക് എന്നും ദുരിതമായിരുന്നു ഇരുപ്പയ്ക്കലിലെ കുഴി. മഴവെള്ളം ശക്തമായി ഒലിച്ച് റോഡിലെ ടാറിളകിയാണ് ഇവിടെ കുഴി രൂപപ്പെട്ടത്. ഇരുചക്രയാത്രക്കാരും ഓട്ടോറിക്ഷകളും ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. കാറപകടത്തില്‍ നേരത്തെ ഒരു ജീവന് പൊലിഞ്ഞിരുന്നു. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് കുഴിയില്‍ ചാടുന്നതുമൂലമായിരുന്നു ഇവിടെ അപടകമുണ്ടാകുന്നത്.
പലതവണ ടാറും മെറ്റിലുമിട്ട് കുഴിയടച്ചിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. താത്കാലിക കുഴിയടപ്പുകൊണ്ടും പരിഹാരമാകാത്തതിനാല്‍ നാട്ടുകാര്‍ പൊതുമരാമത്ത് മന്ത്രിക്കു പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് റോഡില്‍ ലോക്കുകട്ട നിരത്താന്‍ തീരുമാനമായത്. ഇന്നലെ റോഡ് അടച്ച് വഴിതിരിച്ചുവിട്ടാണ് നിര്‍മാണം നടത്തിയത്. ലോക്കുകട്ട നിരത്തുന്നതിനായി ഇളക്കിയ മണ്ണ് റോഡരികില്‍ ഇട്ടതിനെച്ചൊല്ലി ചിലര്‍ പിഡബ്ല്യുഡി അധികൃതരുമായി വാക്കുതര്‍ക്കവുമുണ്ടായി.