മഞ്ഞനിക്കര പെരുന്നാളിന് വിപുലമായ ഒരുക്കം
1497262
Wednesday, January 22, 2025 3:55 AM IST
പത്തനംതിട്ട: മഞ്ഞനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 93-ാമത് ഓര്മപ്പെരുന്നാളിനോടനുബന്ധിച്ച ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ദയറാ തലവനും ദക്ഷിണമേഖല സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയുമായ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, ജനറല്‍ കണ്‍വീനര്‍ കമാന്‍ഡര്‍ ടി.യു. കുരുവിള എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ലബനനിലെ സിറിയന്‍ ഓര്‍ത്തഡോക്സ് പാട്രിയാര്‍ക്കേറ്റിലെ സുറിയാനി പഠന വിഭാഗത്തിന്റെ പാത്രിയര്‍ക്കാ വികാരിയും പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവായുടെ പ്രത്യേക സ്ഥാനപതിയുമായ മാര്‍ സേവേറിയോസ് റോജര്‍ അക്രാസ് മെത്രാപ്പോലീത്ത ഏഴ്, എട്ട് തീയതികളില്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
ഫെബ്രുവരി രണ്ടിനു രാവിലെ എട്ടിന് ദയറാ കത്തീഡ്രലില്‍ നടക്കുന്ന വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് എന്നിവര്‍ കാര്‍മികരാകും. തുടര്‍ന്ന് കത്തീഡ്രല്‍ അങ്കണത്തില്‍ പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും.
യാക്കോബായ സഭയിലെ എല്ലാ ദേവാലയങ്ങളിലും അന്നേദിവസം പതാക ഉയര്‍ത്തും. വൈകുന്നേരം ആറിന് ഓമല്ലൂര്‍ കുരിശിങ്കലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും.
മൂന്നിനു വൈകുന്നേരം സന്ധ്യാനമസ്കാരത്തേത്തുടര്ന്ന് ഏഴിന് കണ്വന്ഷന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാ. മാത്യൂസ് തോക്കുപാറ പ്രസംഗിക്കും.
നാലിനു രാവിലെ 9.30ന് തുമ്പമണ്‍ ഭദ്രാസന വനിതാ സമാജം ധ്യാനയോഗത്തിന് തൂത്തൂട്ടി ധ്യാന കേന്ദ്രം ഡയറക്ടറും ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായുമായ സക്കറിയ മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. രാത്രി ഏഴിന് കണ്വന്ഷന് യോഗത്തില്‍ ഫാ. ബിജു പാറേക്കാട്ടില്‍ പ്രസംഗിക്കും.
അഞ്ചിനു വൈകുന്നേരം ആറിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് നിര്‍വഹിക്കും. നിര്‍ധനരായ 93 പേര്‍ക്ക് അരിയും വസ്ത്രങ്ങളും വിതരണംചെയ്യും. രാത്രി 7.30ന് ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടില്‍ പ്രസംഗിക്കും. ആറിനു രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന.
ഏഴിനു രാവിലെ 7.30 ന് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലും മാത്യൂസ് മാര്‍ തിമോത്തിയോസ്, ഗീവര്‍ഗീസ് മാര്‍ സ്തേഫാനോസ് എന്നീ മെത്രാപ്പോലീത്താമാരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ മൂന്നിന്മേല് കുര്‍ബാന.
നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന തീര്‍ഥാടകരെയും കാല്‍നട തീര്‍ഥയാത്ര സംഘങ്ങളെയും ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഓമല്ലൂര്‍ കുരിശിങ്കല്‍ മെത്രാപ്പോലീത്തമാരും പെരുന്നാള്‍ സംഘാടക സമിതിയും മാര്‍ സ്തേഫാനോസ് ഇടവകയും ചേര്‍ന്നു സ്വീകരിക്കും. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാര്‍ഥന. ആറിനു നടക്കുന്ന പൊതുസമ്മേളനം പരിശുദ്ധ പാത്രീയാര്‍ക്കീസ് ബാവായുടെ പ്രതിനിധി ലബനനിലെ മാര്‍ സേവേറിയോസ് റോജര്‍ അക്രാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. വിവിധ പുരസ്കാരങ്ങളുടെ വിതരണം മന്ത്രി വീണാ ജോര്‍ജ്, മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ദിയസ്കോറസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ് എന്നിവര്‍ സമ്മാനിക്കും.
ആന്റോ ആന്റണി എംപി, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ജോര്‍ജ്, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സൺ വിളവിനാല്‍, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.
എട്ടിനു പുലര്‍ച്ചെ മൂന്നിന് മഞ്ഞനിക്കര മാര്‍ സ്തേഫാനോസ് കത്തീഡ്രലില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മകത്വത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടാകും. 5.45ന് ദയറാ കത്തീഡ്രലില്‍ തോമസ് മാര്‍ തിമോത്തിയോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ്, സക്കറിയ മാര്‍ പീലക്സിനോസ് എന്നീ മെത്രാപ്പോലീത്താമാരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാന.
8.30ന് പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവായുടെ പ്രതിനിധി മാര്‍ സേവേറിയോസ് റോജര്‍ അക്രാസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ പെരുന്നാള്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് കബറുകളില്‍ ധൂപപ്രാര്‍ഥന, 10.30ന് സമാപന റാസയും നേര്‍ച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കും. പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍നിന്ന് കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ് സര്‍വീസ് മഞ്ഞനിക്കരയിലേയ്ക്ക് ഉണ്ടാകും.
ദയറായ്ക്ക് സമീപമുള്ള പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ 24 മണിക്കൂറും ഡോക്ടര്മാരുടെസേവനവും ആംബുലന്‍സ് സര്‍വീസും ലഭ്യമാക്കും. ദയറായ്ക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ യാചക നിരോധന മേഖലയും ഉത്സവ മേഖലയുമായിരിക്കും. ദയറായും പരിസരവും പ്ലാസ്റ്റിക് രഹിത മേഖലയായിരിക്കും. ഹരിതച്ചട്ടം പാലിച്ചായിരിക്കും പെരുന്നാള്‍ ക്രമീകരണങ്ങളെന്ന് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
വൈസ് ചെയര്മാന് ഏബ്രഹാം തേക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ, കണ്‍വീനര്‍ ജേക്കബ് തോമസ് മാടപ്പാട്ട് കോര്‍ എപ്പിസ്കോപ്പ, പബ്ലിസിറ്റി കണ്‍വീനര്‍ ബിനു വാഴമുട്ടം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കൊടിയേറ്റ് ഫെബ്രുവരി രണ്ടിന്
പത്തനംതിട്ട: മഞ്ഞനിക്കര മാര്‍ ഇഗ്നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 93-ാമത് ഓര്‍മപ്പെരുന്നാള്‍ ഫെബ്രുവരി രണ്ടു മുതല്‍ എട്ടുവരെ കൊണ്ടാടും.
പെരുന്നാളില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധിയായി ലബനനിലെ സിറിയന്‍ ഓര്‍ത്തഡോക്സ് പാട്രിയാര്‍ക്കേറ്റിലെ സുറിയാനി പഠന വിഭാഗത്തിന്റെ പാത്രിയര്‍ക്കാ വികാരി മാര്‍ സേവേറിയോസ് റോജര്‍ അക്രാസ് മെത്രാപ്പോലീത്ത പങ്കെടുക്കും.
യാക്കോബായ സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റും മലങ്കര മെത്രാപ്പോലീത്തയുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസും സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും പെരുന്നാള്‍ ശുശ്രൂഷകളില്‍ നേതൃത്വം നല്‍കുമെന്ന് മഞ്ഞനിക്കര ദയറാ തലവന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയും ജനറല്‍ കണ്‍വീനര്‍ ടി.യു. കുരുവിളയും പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഫെബ്രുവരി രണ്ടിന് മഞ്ഞനിക്കര ദയറായിലും ഓമല്ലൂര്‍ കുരിശിങ്കലും പെരുന്നാള്‍ കൊടിയേറും. കാല്‍നട തീര്‍ഥാടക സംഘങ്ങള്‍ ഏഴിനു വൈകുന്നേരം സ്വീകരണം നല്‍കും. തുടര്‍ന്ന് തീര്‍ഥാടക സമ്മേളനം.
എട്ടിനു രാവിലെ പാത്രിയര്‍ക്കാ പ്രതിനിധിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ പെരുന്നാള്‍ സമാപിക്കും.