സുഗതകുമാരി ലോകത്തിനു നൽകിയത് ഒരുമയുടെ സന്ദേശം: രാജ്നാഥ് സിംഗ്
1497669
Thursday, January 23, 2025 4:03 AM IST
ആറന്മുള: മനുഷ്യനെയും മണ്ണിനെയും മരങ്ങളെയും ചേർത്തുനിർത്തി ലോകത്തിനു മുന്പിൽ ഒരുമയുടെ സന്ദേശം പകർന്നു നൽകിയ കവയിത്രിയാണ് സുഗതകുമാരിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സുഗതകുമാരിയുടെ 90-ാം ജന്മദിന വാർഷികോത്സവമായ സുഗതോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുഗതകുമാരി ഒരു കവയിത്രി മാത്രമായിരുന്നില്ല. തന്റെ കവിതകളിലൂടെ പൊതുനന്മയ്ക്കായി അവർ മനുഷ്യനെയും പ്രകൃതിയെയും ചേർത്തുനിർത്തി. സൈലന്റ് വാലിയെ നാശത്തിൽനിന്ന് മോചിപ്പിച്ചത് അവരുടെ നേതൃത്വത്തിൽ നടത്തിയ ശ്രദ്ധേയ പരിസ്ഥിതി പോരാട്ടമാണ്. ഇക്കാലത്ത് ഭൂരിഭാഗവും അവരവർക്കുവേണ്ടി ജീവിക്കുമ്പോൾ, സുഗതകുമാരി നിസ്വാർഥമായി മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു.
അവർ സ്ഥാപിച്ച "അഭയ' സമൂഹത്തിന് ഏറെ ഉപകാരപ്പെടുന്ന ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു. ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം വർഷത്തിൽ സുഗതകുമാരി മുന്നോട്ടുവച്ച ആശയങ്ങളുടെ പ്രസക്തി ഏറെ വർധിച്ചിരിക്കുകയാണെന്ന് രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു.
ഭരണഘടനയ്ക്ക് രൂപം നൽകിയവർ, അന്നുതന്നെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. രാജ്യത്തിന്റെ വികസനത്തിൽ പ്രകൃതിയെയും എല്ലാ വിഭാഗം മനുഷ്യരെയും ചേർത്തുനിർത്തുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. 2047 ലെ വികസിത ഭാരതം എന്ന കാഴ്ചപ്പാടിൽ കാലാവസ്ഥയുടെ പ്രാധാന്യം ഏറെയാണ്.
കാലാവസ്ഥാ വ്യതിയാനവും പൊടുന്നനെയുള്ള പ്രളയങ്ങളും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെയാണ് രൂക്ഷമായി ബാധിച്ചുകൊണ്ടിരിക്കുന്നത്. ഹരിത ഹൈഡ്രജന്റെ ഉത്പാദനം, കയറ്റുമതി എന്നിവയിൽ മുന്നിലെത്താനാണ് നാം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
സുഗതോത്സവം കേന്ദ്രസമിതി ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് പരിസ്ഥിതി അവാർഡ് സമ്മാനിച്ചു. ബംഗാൾ രാജ്ഭവൻ ഏർപ്പെടുത്തിയ അഞ്ചുലക്ഷം രൂപയുടെ പുരസ്കാരം പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ ഏറ്റുവാങ്ങി.
ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് ചെയർമാൻ കുമ്മനം രാജശേഖരൻ, ഡോ. എം.വി. പിള്ള, ഇന്ദിര രാജൻ, ഷെറീഫ് മുഹമ്മദ്, അജയകുമാർ വല്യുഴത്തിൽ, നോബിൾ മാത്യു, പി.ആർ. ഷാജി എന്നിവർ പ്രസംഗിച്ചു.