പുനരുദ്ധാരണം ഇല്ലാതെ തിരുവല്ല പബ്ലിക് സ്റ്റേഡിയം
1497270
Wednesday, January 22, 2025 4:11 AM IST
തിരുവല്ല: മധ്യതിരുവിതാംകൂറിലെ നിരവധി കായികതാരങ്ങളെ കൈപിടിച്ചുയർത്തിയ തിരുവല്ല പബ്ലിക് സ്റ്റേഡിയം കാടുകയറി നശിക്കുന്നു. വർഷങ്ങളായി ഉപയോഗപ്രദമല്ലാതെ കിടക്കുന്ന സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണം സംബന്ധിച്ച ചർച്ചയോ പദ്ധതിയോ ഇല്ല.
പവലിയൻ ഉൾപ്പെടെ വിപുലമായ സംവിധാനങ്ങളും ട്രാക്കുകളും ഫുട്ബോൾ, ബാസ്കറ്റ്ബോൾ ഗ്രൗണ്ടുകളുമുള്ള സ്റ്റേഡിയം ഒരുകാലത്ത് മധ്യതിരുവിതാംകൂറിന് അഭിമാനമായിരുന്നു. 400 മീറ്റർ ട്രാക്കുള്ള സ്റ്റേഡിയം സംസ്ഥാന സ്കൂൾ കായികമേളയ്ക്കടക്കം ആതിഥേയത്വം വഹിച്ചതാണ്.
ദേശീയ ഫുട്ബോൾ, ബാസ്കറ്റ്ബോൾ മത്സരങ്ങളും പബ്ലിക് സ്റ്റേഡിയത്തിൽ നടന്നിരുന്നു. പി.സി. തോമസ് തിരുവല്ല എംഎൽഎ ആയിരുന്ന കാലഘട്ടത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് സ്റ്റേഡിയം നിർമിച്ചത്.
സമീപകാലംവരെ പ്രഭാത സവാരിക്കാരെങ്കിലും സ്റ്റേഡിയം ഉപയോഗപ്പെടുത്തുമായിരുന്നു. എന്നാൽ ഇന്നിപ്പോൾ സ്റ്റേഡിയത്തിനകത്തേക്കു കയാറാൻ പോലുമാകില്ല.
സ്റ്റേഡിയം നിറെയ ഒരാൾ പൊക്കത്തിൽ പുല്ല് വളർന്നു നിൽക്കുകയാണ്. സ്റ്റേഡിയത്തിൽ കായിക താരങ്ങൾക്ക് പ്രവേശിക്കാൻപോലും ഭയമാണ്.
ഉയരത്തിൽ വളർന്നുനിൽക്കുന്ന പുല്ലിനടിയിൽ നിറയെ ഇഴ ജന്തുക്കളാണ്. പവലിയനുകൾ നിറയെ നായ്ക്കളും. ട്രാക്കിലും മരങ്ങൾ വളർന്നു തുടങ്ങി. ഗാലറികളിലും കയറാനാകാത്ത സ്ഥിതിയാണ്.
കായികരംഗത്ത് ഒരുകാലത്ത് നാടിന് അഭിമാനതാരങ്ങളെ സംഭാവന ചെയ്ത നാടാണ് തിരുവല്ല. ഇവരിൽ പലരും പരിശീലനം നേടിയ സ്റ്റേഡിയമാണ് ഇന്നിപ്പോൾ കാടുകയറിയത്.
പദ്ധതി നൽകി, ഫണ്ട് ലഭ്യമായില്ല
തിരുവല്ല പബ്ലിക് സ്റ്റേഡിയം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് 2021 - 22 സംസ്ഥാന ബജറ്റിൽ ഫണ്ട് വകയിരുത്തിയിരുന്നു. എന്നാൽ സ്റ്റേഡിയം ഉയർത്താതെ മെച്ചപ്പെടുത്താനാകില്ലെന്നു മനസിലാക്കിയതോടെ കേന്ദ്രസഹായം തേടി. 86 കോടി രൂപയുടെ നവീകരണ പദ്ധതി തയാറാക്കി കേന്ദ്രത്തിനു സമർപ്പിച്ചതൊഴിച്ചാൽ തുടർപ്രവർത്തനം നടന്നില്ല.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ നവീകരണം നടന്നുവരികയാണ്. 50 കോടി രൂപ ചെലവിലാണ് പത്തനംതിട്ടയിൽ പുതിയ സ്റ്റേഡിയത്തിന്റെ നിർമാണം. ഇതേ കാലഘട്ടത്തിൽ നിർമിച്ച തിരുവല്ല സ്റ്റേഡിയത്തെ ജനപ്രതിനിധികൾ അവഗണിച്ചു. കൊടുമണ്ണിൽ അന്താരാഷ്ട്ര നിലവാരത്തിൽ പുതിയ സ്റ്റേഡിയം വന്നു. അടൂരിലും പുതിയ സ്റ്റേഡിയത്തിനു പദ്ധതിയായി. എന്നാൽ തിരുവല്ലയുടെ കാര്യം ബന്ധപ്പെട്ടവർ മറന്നമട്ടാണ്. ഇതുമായി ബന്ധപ്പെട്ട സമ്മർദം കുറഞ്ഞതാണ് കാരണം.
കളിക്കളങ്ങളില്ലാതെ താരങ്ങൾ
പത്തനംതിട്ട സ്റ്റേഡിയം നവീകരണഘട്ടത്തിലായതോടെ പത്തനംതിട്ട ജില്ലയിലെ ഏക സ്റ്റേഡിയം കൊടുമണ്ണിലേതു മാത്രമാണ്. കൊടുമണ്ണിലെത്തപ്പെടാനുള്ള ബുദ്ധിമുട്ട് നേരിടുന്നത് കായിക താരങ്ങളാണ്. ജില്ലാതല കായികമേളകൾ നിലവിൽ കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് മാറ്റിയിട്ടുണ്ട്.
മറ്റൊരു സംവിധാനമില്ലാത്തതാണ് പ്രധാന പ്രശ്നം. മെച്ചപ്പെട്ട പരിശീലനം ലഭിക്കാതെ ജില്ലയിലെ കായികതാരങ്ങൾ പിന്നാക്കം പോകുന്ന സാഹചര്യവുമുണ്ട്. ഇതിനിടെയിലാണ് സ്വന്തമായി സ്ഥലവും സൗകര്യവുമുള്ള ഒരു സ്റ്റേഡിയം ഇഴജന്തുക്കൾക്കും നാൽക്കാലികൾക്കുമായി പതിച്ചു നൽകിയിരിക്കുന്നത്.
തിരുവല്ല സ്റ്റേഡിയം നാടിനപമാനം: ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി
തിരുവല്ല: ഒരുകാലത്ത് ദേശീയ മത്സരങ്ങളും സംസ്ഥാന സ്കൂൾ കായികമേളയും നടന്നിട്ടുള്ള തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയം മധ്യ തിരുവിതാംകൂറിന് അപമാനമായി മാറിയിരിക്കുകയാണെന്ന് ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി. സ്റ്റേഡിയത്തിനുള്ളിലേക്ക് കാലെടുത്തു വയ്ക്കാനാകാത്ത സാഹചര്യമുണ്ട്.
നഗരസഭയും ജില്ലയിലെ ജനപ്രതികളും മുൻകൈയെടുത്ത് തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയം താരങ്ങൾക്ക് പരിശീലനത്തിന് പ്രയോജനപ്പെടുംവിധം പുനരുദ്ധരിക്കണമെന്ന് ഹ്യൂമൻ റൈറ്റ് ഒബ്സർവേഴ്സ് സൊസൈറ്റി ആവശ്യപ്പെട്ടു. കാടുവെട്ടിത്തെളിച്ച് പുനരുദ്ധരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും സൊസൈറ്റി അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കുര്യൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് റോയി വർഗീസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. സൈജു വർഗീസ്, ഉദയകുമാർ, കുഞ്ഞമ്മ ജോൺസൺ, വർഗീസ് ഏബ്രഹാം, ഉദയകുമാർ, പോൾ കുറ്റൂർ, വി.ആർ. രാജേഷ്, മണികണ്ഠൻ നായർ എന്നിവർ പ്രസംഗിച്ചു.