കാറിന്റെ ഡോറില്‍ ഇരുന്ന് അഭ്യാസ പ്രകടനം; രണ്ട് പേര്‍ക്കെതിരേ നടപടി
1497280
Wednesday, January 22, 2025 4:12 AM IST
തിരുവല്ല: കാറിന്റെ ഡോറില്‍ ഇരുന്ന് അപകടകരമാം വിധം യാത്രചെയ്ത കേസില്‍ രണ്ട് പേര്‍ക്കെതിരേ നടപടി. ഇന്നലെ രാവിലെ തിരുവല്ല വള്ളംകുളം ഭാഗത്താണ് ഓടുന്ന കാറിന്റെ വലതുവശത്തെ പിൻഡോറില്‍ പുറത്തേക്ക് ഇരുന്ന് യുവാവ് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇയാളെയും വാഹനം ഓടിച്ച സുഹൃത്തിനെയുമാണ് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തി നടപടിയെടുത്തത്.
ബാഗ്ലൂരില്‍ രണ്ടാം വര്‍ഷ ബിബിഎ വിദ്യാർഥി പത്തനംതിട്ട കുമ്പഴ മടുക്കാ മൂട്ടില് ജോഹന്‍ മാത്യു (20), വാഹനം ഓടിച്ച തിരുവല്ല മഞ്ഞാടി കുന്നത്ത് പറമ്പില്‍ കെ. ജോഹന്‍ മാത്യു (19) എന്നിവര്‍ക്കെതിരേയാണ് നടപടി. ദൃശ്യങ്ങളെടുത്തവർ അതു പിന്നീട് പത്തനംതിട്ട മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് കൈമാറുകയായിരുന്നു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരായ ബിനു എന്‍. കുഞ്ഞുമോന് , അനീഷ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ സ്വാതി ദേവ് എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും കണ്ടെത്തിയത്.
അപകടകരമായി വാഹനം ഓടിച്ചതിന് കേസെടുത്തതിനു പുറമേ ഡ്രൈവറെയും ഡോറില്‍ ഇരുന്ന് യാത്ര ചെയ്ത ആളെയും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ തിരുത്തല്‍ പരിശിലനത്തിനായി അയയ്ക്കാനും ഇരുവരുടെയും ഡ്രൈവിഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും നടപടിയായി.