അയിരൂരിൽ സ്ഥിരം സമിതി തെരഞ്ഞെടുപ്പ്; പ്രസിഡന്റിന്റെ വോട്ട് അസാധുവായി ബിജെപിക്കു വിജയം
1497267
Wednesday, January 22, 2025 3:55 AM IST
കോഴഞ്ചേരി: അയിരൂർ ഗ്രാമ പഞ്ചായത്തിൽ വികസന സ്ഥിരംസമിതിയിലെ ഒഴിവു നികത്താൻ നടന്ന തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വോട്ട് അസാധുവായതിനെത്തുടർന്ന് ബിജെപിക്കു വിജയം.
മുൻ പ്രസിഡന്റ് സിപിഎമ്മിലെ ശ്രീജ വിമൽ മെംബർ സ്ഥാനം രാജിവച്ച ഒഴിവിലാണ് വികസന സ്ഥിരം സമിതിയിലേക്കു തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൽഡിഎഫ് സ്ഥാനാർഥിയായി പ്രഭാവതിയും ബിജെപി സ്ഥാനാർഥിയായി അനുരാധ ശ്രീജിത്തും മത്സരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അന്പിളി പ്രഭാകരൻ നായരുടെ (സിപിഎം) വോട്ട് അസാധുവായതിനേത്തുടർന്ന് എൽഡിഎഫ്, ബിജെപി സ്ഥാനാർഥികൾക്ക് അഞ്ച് വീതം വോട്ടാണ് ലഭിച്ചത്. യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു.
നറുക്കെടുപ്പിൽ ബിജെപിയിലെ അനുരാധ വിജയിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതിയിലെ ഒഴിവിൽ ആരും നാമനിർദേശം നൽകാത്തതിനാൽ തെരഞ്ഞെടുപ്പ് 27ലേക്കു മാറ്റി. 27ന് വികസന സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും. സമിതിയിൽ യുഡിഎഫിനും എൽഡിഎഫിനും ബിജെപിക്കും ഓരോ അംഗങ്ങളാണുള്ളത്.