കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: ആറന്മുളയിലും ടികെ റോഡിലും ഗതാഗത ക്രമീകരണം
1497272
Wednesday, January 22, 2025 4:11 AM IST
പത്തനംതിട്ട: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ ആറന്മുള സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചകഴിഞ്ഞ് ടികെ റോഡിലും ആറന്മുളയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
സുഗതകുമാരി നവതി ആഘോഷങ്ങളുടെ സമാപന ചടങ്ങുകളുമായി ബന്ധപ്പെട്ട് ആറന്മുള ശ്രീ വിജയനന്ദ വിദ്യാപീഠത്തിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ഇന്നു വൈകുന്നേരം നാലിനാണ് രാജ്നാഥ് സിംഗ് എത്തുന്നത്.
തിരുവല്ല ഭാഗത്തുനിന്ന് കോഴഞ്ചേരി, പത്തനംതിട്ട എന്നിവടങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ മാരാമൺ ജംഗ്ഷനിൽ ഇടത്തേക്കു തിരിഞ്ഞ് നെടുംപ്രയാർ വഴി യാത്ര തുടരണമെന്നാണ് നിർദേശം.
പത്തനംതിട്ടയിൽനിന്ന് കോഴഞ്ചേരിയിലേക്ക് വരുന്ന വാഹനങ്ങൾ ഇലന്തൂർ ജംഗ്ഷനിൽ ഇടത്തേക്കു തിരിഞ്ഞ് ഇലന്തൂർ ഗണപതി ക്ഷേത്രം, ഇലവുംതിട്ട, കിടങ്ങന്നൂർ വഴി പോകണം.
കുളനടയിൽനിന്ന് കോഴഞ്ചേരിയിലേക്ക് എത്തുന്ന വാഹനങ്ങൾ കിടങ്ങന്നൂർ, കോട്ട, ആഞ്ഞലിമൂട് വഴി പുല്ലാട് എത്തി യാത്ര തുടരണം.
റാന്നിയിൽനിന്ന് കോഴഞ്ചേരിയിലേക്ക് വരുന്ന വാഹനങ്ങൾ വാഴക്കുന്നം, വട്ടക്കാവ്, നെല്ലിക്കാല എത്തി ഇടത്തേക്ക് തിരിഞ്ഞ് ഇലന്തൂർ വഴി പോകണം. ചെങ്ങന്നൂരിൽനിന്ന് ആറന്മുളയിലേക്ക് വരുന്നവ ആറാട്ടുപുഴ പാലം, കോയിപ്രം വഴി പുല്ലാടെത്തി യാത്ര തുടരണം.
ഗതാഗതക്രമീകരണങ്ങളുടെ ഭാഗമായി പ്രധാന സ്ഥലങ്ങൾ ഉൾപ്പെടെ ഇരുപതിലധികം ഇടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചതായും പരിപാടിയുമായി ബന്ധപ്പെട്ട് മുഴുവൻ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ അറിയിച്ചു.