പോക്സോ കേസിൽ 30 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും
1507667
Thursday, January 23, 2025 4:32 AM IST
പത്തനംതിട്ട: പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയയാൾക്ക് 30 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അതിവേഗ കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. ചിറ്റാർ പോലീസ് സ്റ്റേഷനിൽ 2021ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
ചിറ്റാർ കൊടുമുടി പുതുപ്പറമ്പിൽ പി.ടി. ഷെബിനെയാണ് (39) കോടതി ശിക്ഷിച്ചത്. ഒക്ടോബർ 15 ന് വൈകുന്നേരം കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ, ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികപീഡനത്തിന് വിധേയയാക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ നഗ്നചിത്രം ഫോണിൽ പകർത്തുകയും ചെയ്തു. അന്നത്തെ ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ബി. രാജേന്ദ്രൻ പിള്ളയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
വീട്ടിൽ അതിക്രമിച്ചുകടന്നതിന് ഏഴു വർഷം കഠിനതടവും 25,000 രൂപയും പോക്സോ നിയമത്തിലെ 8, 7 വകുപ്പുകൾ പ്രകാരം മൂന്നു വർഷവും 25,000 രൂപയും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ച് 20 വർഷവും രണ്ടു ലക്ഷം രൂപയുമാണ് ശിക്ഷിച്ചത്.
ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴത്തുക ഒടുക്കുന്നുണ്ടെങ്കിൽ കുട്ടിക്ക് നൽകണം. പിഴ അടക്കാഞ്ഞാൽ ഒന്നര വർഷത്തെ അധിക കഠിനതടവുകൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി.