സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ : ഓഫീസുകൾ കാലി
1497664
Thursday, January 23, 2025 4:03 AM IST
പത്തനംതിട്ട: സംസ്ഥാന സർക്കാർ സമീപനങ്ങളിൽ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും ആഹ്വാനം ചെയ്ത പണിമുടക്കിൽ ജില്ലയിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താറുമാറായി. മിക്ക സർക്കാർ ഓഫീസുകളും പ്രവർത്തിച്ചില്ല.
ഡയസ്നോൺ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഏകദിന പണിമുടക്ക് പൊളിക്കാനുള്ള സർക്കാർ തന്ത്രവും പൊളിഞ്ഞു. ഡയസ്നോൺ ഒഴിവാക്കാൻ ഒരുവിഭാഗം ജീവനക്കാർ രാവിലെ എത്തി ഹാജർ രേഖപ്പെടുത്തിയെങ്കിലും ഇവരും ഓഫീസുകളിൽ ഉണ്ടായിരുന്നില്ല. പത്തനംതിട്ട കളക്ടറേറ്റിലെ പ്രധാനപ്പെട്ട ഓഫീസുകളിലെല്ലാം ഒഴിഞ്ഞ കസേരകളായിരുന്നു.
സിപിഐ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളുടെ ഏകോപനസമിതിയായ സെറ്റോയുമാണ് പണിമുടക്കി പ്രതിഷേധിച്ചത്.
എൻജിഒ യൂണിയൻ പ്രകടനം സംഘർഷത്തിന്റെ വക്കിലെത്തി
പത്തനംതിട്ട കളക്ടറേറ്റിൽ സമരാനുകൂലികളെ കൂക്കിവിളിച്ച് സിപിഎം സർവീസ് സംഘടനയായ എന്‍ജിഒ യൂണിയന് നേതാക്കളും പ്രവർത്തകരും രംഗത്തിറങ്ങിയത് സംഘർഷത്തിന്റെ വക്കിലെത്തി. സെറ്റോയും ജോയിന്റ് കൗൺസിലും പ്രകടനം നടത്തിയതിനൊപ്പമാണ് എൻജിഒ യൂണിയൻ പ്രവർത്തകരും ഓഫീസ് വിട്ട് പുറത്തുവന്നത്.
ഇവർ സമരാനുകൂലികളെ കളിയാക്കാൻ ശ്രമിച്ചതോടെയാണ് ചേരിതിരിവ് പ്രകടമായത്. ഇടതുമുന്നണിയുടെ ഭാഗമായിട്ടും സിപിഐ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ സമരത്തിന് ഇറങ്ങിയതാണ് എന്‍ജിഒ യൂണിയനെ പ്രകോപിപ്പിച്ചത്.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ അംഗമായിരിക്കേ സമരത്തിൽ പങ്കെടുത്തുവെന്ന വാർത്ത പുറത്തുവന്നതും പ്രകോപനം ഇരട്ടിപ്പിച്ചു.
ഒരുവേള ഇരുകൂട്ടരും തമ്മിൽ കൈയാങ്കളിയുടെ വക്കുവരെ എത്തി. പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകരും എൻജിഒ യൂണിയൻകാർക്കൊപ്പമുണ്ടായിരുന്നു. സംഘർഷം സൃഷ്ടിക്കാനുള്ള ഇവരുടെ എല്ലാ നീക്കങ്ങളും സമരക്കാർ സഹിഷ്ണുത പാലിച്ചതുകൊണ്ട് ഒഴിവായി. കളക്ടറേറ്റിൽ സുരക്ഷ ഒരുക്കാനെത്തിയ പോലീസ് ഇടപെട്ട് ഇരുകൂട്ടരെയും മാറ്റുകയായിരുന്നു.
ഹാജർനില കുറവ്
എല്ലാ ഓഫീസുകളിലും ഹാജർനില കുറവായിരുന്നു. കളക്ടറേറ്റ്, വില്ലേജ് ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍, മൃഗസംരക്ഷണ ഓഫീസുകള്‍, ജില്ലാ ട്രഷറി എന്നിവിടങ്ങളിലെല്ലാം പ്രവർത്തനം തടസപ്പെട്ടു. കളക്ടറേറ്റിലെ എഡിഎം, ഡെപ്യൂട്ടി കളക്ടർമാരുടെ ഓഫീസുകൾ എന്നിവിടങ്ങളിൽ ജീവനക്കാർ നാമമാത്രമായിരുന്നു. ദുരന്തനിവാരണവിഭാഗമടക്കം പല ഡെപ്യൂട്ടി കളക്ടർമാരുടെയും ഓഫീസുകൾ അടഞ്ഞുകിടക്കുകയായിരുന്നു.
സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലിന് ജില്ലയിലെ പല സർക്കാർ ഓഫീസുകളിലും സ്വാധീനമുണ്ട്. അവരെല്ലാം പണിമുടക്കിൽ പങ്കെടുത്തു. ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ പണിമുടക്കിയ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം ഫെബ്രുവരിയിലെ ശമ്പളത്തിൽനിന്നു കുറയ്ക്കാനാണ് തീരുമാനം.
അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് അത്യാവശ്യ സാഹചര്യങ്ങളിലൊഴികെ യാതൊരു തരത്തിലുള്ള അവധിയും അനുവദിക്കാൻ പാടില്ലെന്നും ഉത്തരവുണ്ടായിരുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക,
മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സർക്കാർ ഏറ്റെടുക്കുക, മുടങ്ങിക്കിടക്കുന്ന ഡിഎ അടക്കം അനുവദിക്കുക, ശന്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പണിമുടക്കിയ ജീവനക്കാർ പത്തനംതിട്ടയിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനം നടത്തി.
സ്കൂളുകൾ പ്രവർത്തിച്ചു
അധ്യാപക സംഘടനകളും പണിമുടക്കിൽ പങ്കെടുത്തുവെങ്കിലും സ്കൂളുകളിൽ അധ്യയനം മുടങ്ങിയില്ല. ചുരുക്കം ചില സർക്കാർ സ്കൂളുകളുടെ പ്രവർത്തനത്തെ മാത്രമാണ് പണിമുടക്ക് ബാധിച്ചത്.
സംഘടനാ നേതാക്കൾ അടക്കമുള്ള അധ്യാപകർ ജോലിയിൽനിന്നു വിട്ടുനിന്നിരുന്നു. എന്നാൽ, സമരാനുകൂലികളെങ്കിലും നല്ലൊരു വിഭാഗംഅധ്യാപകരും ജോലിക്കു കയറി. പണിമുടക്കിയ അധ്യാപകരുടെ കണക്കെടുപ്പ് വിദ്യാഭ്യാസ വകുപ്പ് നടത്തി.