മുണ്ടപ്പള്ളി ഗ്രാമത്തിന് പുതുസ്വപ്നങ്ങള്‍ നല്കി രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം
1497670
Thursday, January 23, 2025 4:03 AM IST
തിരുവല്ല: ദളിത് - ആദിവാസി മേഖലയായ പെരിങ്ങര മുണ്ടപ്പള്ളി ഗ്രാമത്തിന് പ്രതീക്ഷകളും പുതുസ്വപ്നങ്ങളും നല്കി രമേശ് ചെന്നിത്തലയുടെ സ്വപ്നപദ്ധതിയായ ഗാന്ധിഗ്രാമം പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു. എല്ലാ പുതുവത്സര ദിനത്തിലും കഴിഞ്ഞ 15 വര്‍ഷമായി മുടങ്ങാതെ നടത്തുന്ന ഈ പരിപാടി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ നിര്യാണത്തേത്തുടര്ന്നാണ് ഇക്കുറി മാറ്റിവച്ചത്.
മുണ്ടപ്പള്ളിയിലെത്തിയ രമേശ് ചെന്നിത്തലയെ ഗ്രാമവാസികള്‍ ചേര്‍ന്ന് പരമ്പരാഗത രീതിയില്‍ വരവേറ്റു. തുടര്‍ന്ന് ഗാന്ധിഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമത്തിലെ മുതിര്‍ന്ന പൗരന്മാരായ കുഞ്ഞുകുഞ്ഞും പെണ്ണമ്മയും ചേര്‍ന്ന് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. ഗ്രാമവാസികള്‍ക്കൊപ്പം പ്രഭാതഭക്ഷണത്തിൽ പങ്കെടുത്തായിരുന്നു തുടക്കം.
വെള്ളപ്പൊക്ക ഭീഷണി നിരന്തരമായി നേരിടുന്ന ഈ പ്രദേശത്തെ ഗ്രാമവാസികളുടെ ചിരകാല ആവശ്യമായ ഷെല്‍ട്ടര്‍ ഹോം നിർമിക്കുന്നതിന് രാജ്യസഭാംഗമായ ഹാരീസ് ബീരാന്റെ എംപി ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ അനുവദിക്കാന്‍ ധാരണയായി. ആന്റോ ആന്റണി എംപിയുടെ ഫണ്ടില്‍നിന്ന് മുണ്ടപ്പള്ളിയില്‍ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു നല്‍കും.
നാല്പതിലേറെ പരാതികളും ആവശ്യങ്ങളും ഗ്രാമവാസികള്‍ ഉന്നയിക്കുകയുണ്ടായി. ഇതില്‍ ഉടനടി ഇടപെടണ്ട വിഷയങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഫോണില്‍ വിളിച്ച് തത്സമയംതന്നെ പരിഹരിച്ചു നല്കി. കഴിഞ്ഞ വര്‍ഷം നല്കിയ നെല്ലിന്റെ വില ലഭിച്ചില്ല എന്ന ജിജിമോളുടെ പരാതി ഉടനടി കൃഷിവകുപ്പ് പ്രോക്യുര്‍മെന്റ് ഓഫീസറുമായി ബന്ധപ്പെട്ട് പരിഹാരത്തിന് നിര്‍ദേശം നല്കി.
വേങ്ങല്‍ പ്രവര്‍ത്തിക്കുന്ന സിഎച്ച്എസ് സബ് സെന്റര്‍ സ്ഥിരമായി തുറക്കാറില്ലെന്ന പൊന്നമ്മയുടെ പരാതി ഉടന്‍തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തി വേണ്ടതു ചെയ്യാന്‍ ധാരണയായി.
പക്ഷാഘാത ബാധിതനായ മോഹന്‍ ജയകുമാര്‍ തനിക്ക് ജീവനോപാധിയായി ഒരു പെട്ടിക്കട വേണമെന്ന ആവശ്യവുമായാണ് എത്തിയത്. പരിപാടിയില്‍ സന്നിഹിതനായിരുന്ന പദ്മശ്രീ കുര്യന് ജോണ്‍ മേളാംപറമ്പില്‍ ഈ വിഷയം ഏറ്റെടുക്കുകയും കടതുടങ്ങാൻ ആവശ്യമായ സഹായം ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു. ചക്കുളത്തുകാവില്നിന്നു വന്ന ഓമനാകൃഷ്ണന് അടിയന്തര ചികിത്സാ സഹായമായി 5,000 രൂപ ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ നൽകി.
ഓമനക്കുട്ടന്റെ ടിടിസി പാസായ, അന്ധരായ മൂന്നു മക്കള്‍ക്ക് പുതിയൊരു തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് പ്രാഥമിക സഹായമായ 20,000 രൂപ മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് നേതൃത്വം നല്കുന്ന രാജീവ് ഗാന്ധി ഗുഡ്വില് ചാരിറ്റബിള്‍ സൊസൈറ്റി മുഖാന്തരം ലഭ്യമാക്കി.
ഉച്ചഭക്ഷണത്തിനുശേഷം രമേശ് ചെന്നിത്തലയുടെ മറുപടി പ്രസംഗവും ഗ്രാമവാസികളുടെ കലാപരിപാടികളും ഫോക് ലോര്‍ അക്കാഡമിയുടെ നാടന്‍ കലാരൂപങ്ങളും ഉണ്ടായിരുന്നു. ഇതും കണ്ടശേഷമാണ് രമേശ് ചെന്നിത്തല മടങ്ങിയത്.
കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ മുന്‍ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യന്, മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്, ഡിസിസി പ്രസിഡന്റുമാരായ സതീഷ് കൊച്ചുപറമ്പില്‍, ബി. ബാബു പ്രസാദ്, മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്, യുഡിഎഫ് ജില്ലാ ചെയര്മാന് വര്‍ഗീസ് മാമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.