ബിആർസി ഔട്ട് റീച്ച് വിദ്യാലയങ്ങൾക്ക് നവ്യാനുഭവമായി
1497264
Wednesday, January 22, 2025 3:55 AM IST
റാന്നി: നഗര, ഗ്രാമ വിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കാനും കുട്ടികളുടെ സൗഹൃദവലയം വിശാലമാക്കുവാനുമായി റാന്നി ബിആർസിയുടെ നേതൃത്വത്തിൽ നടന്ന സ്കൂൾ ഒത്തുചേരൽ പരിപാടി ശ്രദ്ധേയമായി.
റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് പദ്ധതിയുടെ ഭാഗമായി കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയത്. പട്ടണത്തിലുള്ള വിദ്യാലയങ്ങളെ ഉൾഗ്രാമങ്ങളിലുള്ള വിദ്യാലയങ്ങളുമായി സൗഹൃദ, അക്കാദമിക, സാംസ്കാരിക വിനിമയ കൂട്ടായ്മകൾ രൂപപ്പെടുത്താനാണ് റാന്നി ബിപിസി ഷാജി എ. സലാമിന്റെ നേതൃത്വത്തിൽ ബിആർസി ഔട്ട് റീച്ച് നടത്തുന്നത്.
പരിപാടിയുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ വിദ്യാസ ഓഫീസർ കെ.പി. മൈത്രി കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഒ.എം. മനേഷ് , പ്രിൻസിപ്പൽ ഡോ. ആർ. ശ്രീകല, എംഎസ്എച്ച്എസ് പ്രഥമാധ്യാപകൻ ബിനോയ് ഏബ്രഹാം, കടുമീൻചിറ എച്ച്എസ് പ്രഥമാധ്യാപിക സന്ധ്യാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
എംടിയെ അനുസ്മരിച്ചു ഗവ. എച്ച്എസ് നിർമിച്ച ഡോക്കുമെന്ററിയുടെ പ്രദർശനം, എംടി ബിഗ് കാൻവാസ് എന്നിവ ഡിഇഒ ഉദ്ഘാടനം ചെയ്തു. കടുമീൻചിറ സ്കൂളിലെ മുഴുവൻ അംഗങ്ങൾക്കും അതിഥികൾക്കും പാഥേയവും വായന സാമഗ്രികളുമായാണ് എംഎസിലെ കുട്ടികൾ എത്തിയത്.
ബാഡ്ജ് കുത്തി പുസ്തകം നൽകി കടുമീൻചിറ സ്കൂൾ വിദ്യാർഥികൾ അതിഥികളെ സ്വീകരിച്ചു. രണ്ട് വിദ്യാലയങ്ങളും അക്കാദമിക മികവുകളുടെ അവതരണവും കലാപരിപാടികളും നടത്തി.