സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നതായി സെറ്റോ
1497665
Thursday, January 23, 2025 4:03 AM IST
പത്തനംതിട്ട: അഴിമതിയിലൂടെയും ധൂർത്തിലൂടെയും സർക്കാർ വരുത്തിവച്ച കടബാധ്യത ജീവനക്കാരുടെ ചുമലിൽ കെട്ടിവച്ച് രക്ഷപ്പെടാൻ നോക്കേണ്ടെന്ന് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല. സെറ്റോ പത്തനംതിട്ടയിൽ സംഘടിപ്പിച്ച പണിമുടക്ക് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത മേഖലയിലും പരാജയപ്പെട്ട ഈ സർക്കാർ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുന്നത് നീതീകരിക്കാനാകില്ലെന്നും മുഴുവൻ ആനുകൂല്യങ്ങളും തിരിച്ചുകൊടുക്കാൻ സർക്കാർ തയാറാകണമെന്നും ഭരണാനുകൂല സംഘടനകൾപോലും പ്രതിഷേധവുമായി രംഗത്തിറങ്ങിയത് സ്വാഗതാർഹമാണെന്നും അനീഷ് പറഞ്ഞു.
സെറ്റോ ജില്ലാ ചെയർമാൻ പി.എസ്. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സെറ്റോ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിൽ ജില്ലയിലെ സർക്കാർ ജീവനക്കാരും അധ്യാപകരും പങ്കെടുത്തതായി നേതാക്കാൾ അവകാശപ്പെട്ടു.
ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ എല്ലാംതന്നെ അടഞ്ഞു കിടന്നതായും ഇവർ പറഞ്ഞു. ജില്ലാ കൺവീനർ എസ്. പ്രേം, എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ്, സെക്രട്ടറി ഷിബു മണ്ണടി,
കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, കെജിഒയു ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാലി, കെജിഎൻയു സംസ്ഥാന വൈസ് പ്രസിഡന്റ് സിന്ധു ഭാസ്കർ, ജില്ലാ പ്രസിഡന്റ് ദീപ കുമാരി, കെഎൽജിഎസ്എ ജില്ലാ സെക്രട്ടറി സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.