കാർഷിക വിളകൾക്ക് അടിസ്ഥാനവില നിശ്ചയിച്ചു നൽകണം: രമേശ് ചെന്നിത്തല
1507666
Thursday, January 23, 2025 4:32 AM IST
തിരുവല്ല: മണ്ണിൽ കഠിനാധ്വാനം ചെയ്തും വിള നശിപ്പിക്കുന്ന വന്യമൃഗങ്ങളോടു പോരാടിയും ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങൾക്ക് അടിസ്ഥാന വില നിശ്ചയിച്ചു നൽകി കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. തിരുവല്ല ബിലീവേഴ്സ് യൂത്ത് സെന്ററിൽ ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കാർഷിക സെമിനാർ ഉദ്ഘാടനവും ജേക്കബ് കാട്ടാശേരി കർഷക അവാർഡ് ദാനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സൊസൈറ്റി പ്രസിഡന്റ് ഇ.എ. ഏലിയാസ് അധ്യക്ഷത വഹിച്ചു. തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കെപുരയ്ക്കൽ, ട്രഷറർ പി.എ. ബോബൻ, പുഷ്പമേള ജനറൽ കൺവീനർമാരായ സാം ഈപ്പൻ, ടി.കെ. സജീവ്, കൺവീനർ റോജി കാട്ടാശേരി, ബിനു വി. ഈപ്പൻ, മുനിസിപ്പൽ കൗൺസലർമാരായ മാത്യൂസ് ചാലക്കുഴി, ശോഭ വിനു, പി.ഡി. ജോർജ്, ടി. ജയിംസ്, ലാജി മാത്യു, സദാശിവൻ പിള്ള, മാത്യൂസ് ജോൺ, ജയകുമാർ വള്ളംകുളം, മേരി തോമസ്, വത്സമ്മ ജോൺ, സുജ ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.
കാർഷിക സെമിനാറിനു മുൻ കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.ജെ. റെജി നേത്യത്വം നൽകി. മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ചിറ്റാർ സ്വദേശി പി.എ. സാമുവേലിന് 25,001 രൂപയും പുരസ്കാരവും സമ്മാനിച്ചു. രജിസ്റ്റർ ചെയ്ത എല്ലാവർക്കും വളവും പച്ചക്കറിത്തൈകളും വാഴവിത്തും വിതരണം ചെയ്തു.