വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
1601346
Monday, October 20, 2025 10:04 PM IST
കടയ്ക്കല്‍ : മുന്‍ വൈരാഗ്യത്തെ തുടര്‍ന്നു വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കടയ്ക്കല്‍ തൃക്കണ്ണാപുരം നെല്ലിക്കുന്നത്ത് വീട്ടില്‍ ശശി (58) ആണ് കൊല്ലപ്പെട്ടത്. പ്രദേശവാസി രാജ് എന്നയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഏഴോടെ ആനപ്പാറയിലായിരുന്നു സംഭവം. ഇരുവരും പ്രദേശത്തിരുന്നു മദ്യപിക്കുകയും മദ്യപാനത്തിനിടെ മുമ്പുണ്ടായ ചില സംഭവങ്ങളുടെ പേരില്‍ വാക്കുതര്‍ക്കമാവുകയും ഇത് പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. ഇതിനിടയില്‍ കമ്പ് ഉപയോഗിച്ച് രാജ് ശശിയുടെ തലക്കടിക്കുകയും മാരകമായി പരിക്കേറ്റ ശശിയെ റോഡിലേക്ക് തള്ളിയിടുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായ് പരിക്കേറ്റ ശശി ഏറെനേരം രക്തം വാര്‍ന്ന് പാതയോരത്ത് കിടന്നു. പിന്നീട് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ഇന്നു പുലർച്ചെ മരിച്ചു. സംഭവശേഷം കടന്നുകളഞ്ഞ രാജുവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടിയാല്‍ മാത്രമേ കൊലപാതകത്തിന്റെ കൃത്യമായ കാരണം മനസിലാകുവെന്ന് കടയ്ക്കല്‍ പോലീസ് പറഞ്ഞു.