ബംഗാൾ സ്വദേശി വാടകവീട്ടിൽ മരിച്ച നിലയിൽ
1601345
Monday, October 20, 2025 10:04 PM IST
പരവൂർ: ബംഗാൾ സ്വദേശിയായ യുവാവിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ ബിർപാറ സ്വദേശി സൻജിത് കോർവ (28) ആണ് മരിച്ചത്. പുറ്റിംഗൽ ക്ഷേത്രത്തിനുസമീപം കുറുമണ്ടൽ വേടാംകുഴിയിൽ സൗപർണിക വീടിന്റെ മുറ്റത്താണ് ഇന്നലെ രാവിലെ മൃതദേഹം കാണപ്പെട്ടത്. തലയ്ക്ക് പുറകുവശത്തും മുഖത്തും ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നു.
സംശയം തോന്നിയ പരിസരവാസികൾ വിവരം അറിയിച്ചതനുസരിച്ച് ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധകൾ നടത്തി. ഫോറൻസിക് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നതിന് മുമ്പ്
സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. വിശദമായ പരിശോധനയിൽ വീടിന്റെ ടെറസിൽനിന്നു വീണാണ് മരണം സംഭവിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
പുലർച്ചെ 1.10 ന് ഇയാൾ വീടിന്റെ ടെറസിൽ ഫോണിൽ സംസാരിക്കുന്നതും തുടർന്നു കാൽവഴുതി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ടെറസിന്റെ താഴത്തെ സൺഷേഡിൽ തലയിടിച്ച ശേഷമാണ് ഇയാൾ നിലത്ത് വീണത്. തലക്കേറ്റ മുറിവാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. വാടക വീട്ടിൽ മറ്റ് ആറുപേർ കൂടി താമസമുണ്ട്. അവർ ഉറക്കത്തിൽ ആയിരുന്നതിനാൽ വിവരം അറിഞ്ഞതുമില്ല.
പരവൂർ ടൗണിലെ ബേക്കറിയിൽ ജീവനക്കാരനായിരുന്നു. പോലീസ് തന്നെ ബംഗാളിലെ ബന്ധുക്കളെ വിവരം അറിയിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.