പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് ട്രെയിനിനായി കാത്തിരിക്കേണ്ടത് ഒമ്പത് മണിക്കൂർ
1601294
Monday, October 20, 2025 6:20 AM IST
കൊല്ലം: പുനലൂരിൽ നിന്ന് കൊല്ലത്തേയ്ക്ക് രാവിലെ ആദ്യത്തെ ട്രെയിൻ പോയിക്കഴിഞ്ഞാൽ അടുത്ത ട്രെയിനിനായി കാത്തിരിക്കേണ്ടത് ഒമ്പത് മണിക്കൂർ .റെയിൽവേയുടെ വിചിത്രമായ ഈ നടപടിയിൽ മാറ്റം വരുത്താൻ എംഎൽഎ, എംപി അടക്കമുള്ള ജനപ്രതിനിധികൾ ചെറുവിരൽ പോലും അനക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
പുനലൂരിൽ നിന്ന് രാവിലെ 8.10 നാണ് കൊല്ലത്തേയ്ക്കുള്ള മെമു ട്രെയിൻ പുറപ്പെടുന്നത്. അതു കഴിഞ്ഞാൽ കൊല്ലം ഭാഗത്തേയ്ക്ക് ട്രെയിനുള്ളത് വൈകുന്നേരം 5.25 ന്. കൃത്യമായി പറഞ്ഞാൽ ഒമ്പത് മണിക്കൂർ 15 മിനിറ്റ് ഇടവേളയ്ക്ക് ശേഷം മാത്രം. പുനലൂരിൽ നിന്ന് മധുരയ്ക്ക് പോകുന്നതാണ് ഈ ട്രെയിൻ.
രാവിലെ 8.10 ന് ശേഷം പുനലൂർക്കാർക്ക് കൊല്ലത്തിന് പോകണമെങ്കിൽ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ മാത്രമാണ് ആശ്രയം. പുനലൂരിൽ നിന്ന് കൊല്ലത്തേയ്ക്ക് നേരിട്ടുള്ള ബസുകൾ എപ്പോഴുമില്ല. പക്ഷേ പുനലൂരിൽ നിന്ന് കൊട്ടാരക്കര വരെ സമാന്തര സർവീസ് ഇടവിടുണ്ട്.
ആൾക്കാർ ഇതിൽ കയറി കൊട്ടാരക്കര എത്തി അവിടുന്ന് ബസിൽ കൊല്ലത്ത് എത്തുകയാണ് പതിവ്. പുനലൂരിൽ നിന്ന് കൊല്ലത്തേയ്ക്ക് പകൽ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്താത്തത് റെയിൽവേ കാണിക്കുന്ന അവഗണനയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
മധുരയിൽ നിന്ന് കൊല്ലം വഴി പുനലൂർക്കുള്ള ട്രെയിൻ രാവിലെ 9.55 നാണ് പുനലൂരിൽ എത്തുന്നത്. പിന്നീട് ഈ വണ്ടി വൈകുന്നേരം 5.25 നാണ് പുനലൂരിൽ നിന്ന് തിരികെ പോകുന്നത്.
അത്രയും സമയം പ്രസ്തുത ട്രെയിൻ പുനലൂരിൽ തന്നെ കിടക്കുകയാണ്. ക്ലീനിംഗും വെള്ളം നിറയ്ക്കലും മാത്രമാണ് ഈ ട്രെയിനിൽ നടക്കുന്നത്. അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യങ്ങൾ പുനലൂർ റെയിൽവേ സ്റ്റേഷനിൽ ഇല്ല.
ഈ ട്രെയിൻ രാവിലെ 10.30 ന് പുനലൂരിൽ നിന്ന് പുറപ്പെട്ട് കൊല്ലത്ത് എത്തി തിരികെ പുനലൂരിന് സർവീസ് നടത്തിയാൽ ഇപ്പോഴത്തെ യാത്രാ ക്ലേശത്തിന് പരിഹാരമാകുമെന്ന് യാത്രക്കാർ പറയുന്നു. മാത്രമല്ല പ്രസ്തുത ട്രെയിനിന് പുനലൂരിനും കൊല്ലത്തിനും മധ്യേ രണ്ട് തവണ സർവീസ് നടത്താൻ പോലും ആവശ്യത്തിലധികം സമയമുണ്ട്.
ഇത് നടപ്പിലാക്കിയാൽ ഈ റൂട്ടിൽ പുതുതായി ഒരു ട്രെയിൻ ഏർപ്പെടുത്തേണ്ട ആവശ്യവും വരുന്നില്ല. പക്ഷേ യാത്രക്കാരുടെ ഈ ആവശ്യത്തിന് മേൽ റെയിൽവേ അധികൃതർ മൗനം പാലിക്കുകയാണ്.
ഇതുകൂടാതെ ചില നിർദേശങ്ങളും പുനലൂരിലെ യാത്രക്കാർ റെയിൽവേ അധികാരികൾക്ക് മുന്നിൽ സമർപ്പിച്ചെങ്കിലും അതും പരിഗണിക്കപ്പെട്ടിട്ടില്ല.രാവിലെ നാഗർകോവിൽ നിന്ന് കൊല്ലത്തേയ്ക്കുള്ള പാസഞ്ചർ ട്രെയിൻ കൊല്ലത്ത് എത്തുന്നത് 10.20നാണ്. ഈ ട്രെയിൻ കൊല്ലത്ത് നിന്ന് തിരികെ പോകുന്നത് ഉച്ചകഴിഞ്ഞ് 3.40 നാണ്.
ഈ വണ്ടി പുനലൂർ വരെ ദീർഘിപ്പിച്ച് അവിടുന്ന് നാഗർകോവിലിലേക്ക് തിരികെ സർവീസ് നടത്തിയാൽ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യും. ശുചീകരണവും വെള്ളം നിറയ്ക്കലും നടത്തി തിരികെ വരാൻ വണ്ടിക്ക് ആവശ്യത്തിലേറെ സമയവുമുണ്ട്.
അതുപോലെ ചെന്നൈ എഗ്മോറിൽ നിന്ന് കൊല്ലത്തേയ്ക്കുള്ള അനന്തപുരി സൂപ്പർ ഫാസ്റ്റ് എകസ്പ്രസ് രാവിലെ 11.05 നാണ് കൊല്ലത്ത് എത്തുന്നത്. ഈ വണ്ടി കൊല്ലത്ത് നിന്ന് ചെന്നൈയ്ക്ക് തിരികെ പോകുന്നത് ഉച്ച കഴിഞ്ഞ് 2.50 നാണ്.
അനന്തപുരി എക്സ്പ്രസും പുനലൂർ വരെ ദീർഘിപ്പിച്ച് അവിടുന്ന് യാത്ര തിരിച്ചാൽ പുനലൂർ - കൊല്ലം റൂട്ടിൽ നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനം ചെയ്യും. മാത്രമല്ല റെയിൽവേയുടെ വരുമാനത്തിലും ഗണ്യമായ വർധനയുണ്ടാകും.
ഇക്കാര്യങ്ങളിൽ റെയിൽവേയ്ക്ക് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ രാവിലെ ഒമ്പതിനും വൈകുന്നേരം അഞ്ചിനും മധ്യേ പുനലൂർ - കൊല്ലം റൂട്ടിൽ ഏറ്റവും കുറഞ്ഞത് രണ്ട് പാസഞ്ചർ ട്രെയിനുകളെങ്കിലും ഓടിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.