കൊട്ടിയം സർവീസ് റോഡിൽ വെള്ളം കയറി
1601293
Monday, October 20, 2025 6:20 AM IST
കൊട്ടിയം:ഇന്നലെ പുലർച്ചെ ഉണ്ടായ കനത്ത മഴയിൽ ദേശീയപാതയുടെ സർവീസ് റോഡിൽ വെള്ളം നിറഞ്ഞത് ഗതാഗത തടസത്തിന് കാരണമായി.
കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ ബസ് വെള്ളക്കെട്ടിൽ പെട്ട് നിന്നു പോയത് ഏറെനേരം ദേശീയപാതയിൽ ഗതാഗത തടസത്തിന് കാരണമായി. ബസിനോടൊപ്പം മറ്റൊരു ലോറിയും സർവീസ് റോഡിന്റെ മധ്യഭാഗത്ത്ബ്രേക്ക് ഡൗൺ ആയത് മണിക്കൂറുകളോളം ഗതാഗതം തടസപ്പെടാൻ കാരണമായി.
കൊട്ടിയത്തിനും മൈലക്കാടിനും ഇടയിലാണ് സർവീസ് റോഡിൽ വെള്ളം നിറഞ്ഞത്.പുതുതായി നിർമിച്ച ഓടയിലേക്ക് വെള്ളം ഇറങ്ങിപ്പോകാത്തതിനാലാണ് റോഡിൽ വെള്ളം ഉയരുവാൻ കാരണമായത്.
പല വാഹനങ്ങളും മൈലക്കാട് നിന്നും തിരിഞ്ഞ് കണ്ണനല്ലൂർ വഴി കൊട്ടിയത്തെത്തിയാണ് യാത്ര തുടർന്നത്.ബസ് റോഡിൽ നിന്നും മാറ്റിയ ശേഷമായിരുന്നു ഒരു ലോറി റോഡിന്റെ മധ്യഭാഗത്തായി ബ്രേക്ക് ഡൗണായത്. ഇത് വലിയ കുരുക്കിന് കാരണമായി.സർവീസ് റോഡിൽ വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഉണ്ടാക്കാത്തതിനാലാണ് ഓരോ തവണ മഴ പെയ്യുമ്പോഴും സർവീസ് റോഡുകളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത്.
കൂടാതെ ഉയരപ്പാതയിൽ നിന്നുള്ള വെള്ളവും പൈപ്പ് വഴി സർവീസ് റോഡിലേക്കാണ് ഒഴുക്കിവിടുന്നത്.ഇതും റോഡിൽ വെള്ളം ഉയരുവാൻ കാരണമാകുന്നുണ്ട്.കഴിഞ്ഞ ഏതാനും മാസം മുമ്പും റോഡിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ കെഎസ്ആർടിസി ബസ് വെള്ളത്തിൽ കുടുങ്ങിയിരുന്നു. ഇന്നലെ രാവിലെ ഉണ്ടായ മഴയിൽ സർവീസ് റോഡിന് സമീപത്തുള്ള കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. കെഎസ്ആർടിസി ബസ് റോഡിന്റെ മധ്യഭാഗത്ത് കുടുങ്ങിയതോടെപലരുടെയുംയാത്രമുടങ്ങി.കാര്യമറിയാതെ സർവീസ് റോഡിലൂടെ ഒന്നിന് പുറകെ ഒന്നായി വന്ന വാഹനങ്ങൾ തിരികെ പോകാൻ പോലും കഴിയാതെ മണിക്കൂറുകളോളം കുരുക്കിൽ പെട്ട് കിടക്കേണ്ടിവന്നു.
സർവീസ് റോഡിലെ വെള്ളപ്പൊക്കം കാരണം ഏതാനും സ്വകാര്യ ബസുകൾക്കും ട്രിപ്പുകൾ മുടങ്ങുന്ന അവസ്ഥ ഉണ്ടായി. റോഡിൽ അടിക്കടി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുവാൻ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് റൈസിംഗ് കൊട്ടിയം ആവശ്യപ്പെട്ടു.