പുറ്റിംഗൽ കേസ്: തുടർവാദം 25ന്
1600931
Sunday, October 19, 2025 6:17 AM IST
കൊല്ലം: പരവൂർ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തക്കേസിൽ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയിൽ തുടർ വാദം 25ന് നടക്കും. പ്രത്യേക കോടതിയുടെ ചുമതലയുള്ള ജഡ്ജി എം.സി. ആന്റണി മുമ്പാകെ ഇന്നലെ ഒന്നു മുതൽ 21 വരെ പ്രതിപ്പട്ടികയിലുള്ള 16 പേരുടെ വിടുതൽ ഹർജിയിലാണ് വാദം കേട്ടത്.
പ്രതികളെല്ലാം ഗൂഢാലോചന നടത്തിയതായും അനുമതിയില്ലാതെ മത്സരക്കമ്പം നടത്തിയതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അതേ സമയം ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും അമ്പല കമ്മിറ്റി ഭാരവാഹികൾ യോഗം ചേർന്നത് വെടിക്കെട്ടിന് അനുമതി തേടുന്നതിന് വേണ്ടിയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകരും വ്യക്തമാക്കി.
വെടിക്കെട്ട് ആരംഭിച്ചത് പുലർച്ചെ 12 കഴിഞ്ഞപ്പോഴാണ്. മൂന്നോടെയാണ് അപകടം ഉണ്ടായത്. ഈ സമയം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസ് - റവന്യൂ ഉദ്യോഗസ്ഥർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകർ ചൂണ്ടിക്കാട്ടി.
കേസിൽ ഒന്നു മുതൽ 15 വരെ പ്രതികൾ ക്ഷേത്ര കമ്മിറ്റിക്കാരാണ്. 16 മുതൽ 20 വരെ പ്രതികൾ കമ്പക്കാരാണ്. 21-ാം പ്രതി കമ്പത്തിന് നേതൃത്വം കൊടുത്തയാളാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. സ്ഫോടക വസ്തുക്കൾ സംഭരിക്കുന്നതിന് അനുവാദം നൽകിയത് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റാണ്.
അധികാരികളുടെ അനുമതിപത്രം ഇല്ലാതെയാണ് സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
കമ്പത്തിൽ വീടുകൾക്കും മറ്റ് പൊതുസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 2,58,0000 രൂപയുടെ നഷ്ടം ഇതുവഴി സംഭവിച്ചിട്ടുണ്ട്. കെഎസ്ഇബിക്ക് 8,88,000 രൂപയുടെ നഷ്ടമുണ്ടായതായും പ്രോസിക്യൂഷൻ പറഞ്ഞു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ജബ്ബാർ, അഡ്വ.അമ്പിളി ജബ്ബാർ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ ജി. മോഹൻ രാജ്, ഓച്ചിറ എൻ അനിൽ കുമാർ, വിപിൻ മോഹൻ ഉണ്ണിത്താൻ, സുനിൽ കുമാർ തുടങ്ങിയവരും ഹാജരായി.