കൊല്ലം റെയിൽവേ കോടതി ജഡ്ജിയുടെ നിയമനം : ചുവപ്പുനാടയിൽ കുരുങ്ങി
1601304
Monday, October 20, 2025 6:26 AM IST
കൊല്ലം: കൊല്ലം റെയിൽവേ കോടതിയിലെ ജഡ്ജിയുടെ നിയമനം സർക്കാരിന്റെ ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുന്നതിനാൽ നൂറു കണക്കിന് കേസുകൾ തീർപ്പാക്കാനാവാതെ കെട്ടിക്കിടക്കുന്നു. കൊല്ലം റെയിൽവേ കോടതിയിൽ കഴിഞ്ഞ ഒൻപത് മാസമായി ജഡ്ജിയില്ല.
തമിഴ്നാട്ടിലെ കുഴിത്തുറ മുതൽ എറണാകുളം സൗത്ത് വരെയുള്ള റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടക്കുന്ന നിയമലംഘനങ്ങളിൽ റെയിൽവേ ആക്ട് പ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന കൊല്ലം റെയിൽവേ കോടതിയിലെ ജഡ്ജിയുടെ നിയമനം ആണ് ചുവപ്പു നാടയിൽ കുരുങ്ങി കിടക്കുന്നത്.
ജഡ്ജിയുടെ നിയമനം വൈകുന്നത് മൂലം സർക്കാരിന് പ്രതിമാസം എട്ടു ലക്ഷം രൂപയാണ് നഷ്ടമായി കൊണ്ടിരിക്കുന്നത്. കോടതി വിധിക്കുന്ന പിഴ തുക എല്ലാം സർക്കാരിലേക്കാണ് എത്തി കൊണ്ടിരിക്കുന്നത്. കോച്ചുകൾ മാറിക്കയറൽ, അനാവശ്യ ചെയിൻ വലിക്കൽ, സ്റ്റേഷനുകളിലെ അനധികൃത പാർക്കിംഗ്, ടിക്കറ്റെടുക്കാതെ യാത്ര ചെയ്യൽ, ട്രെയിനിനുള്ളിലെ പുകവലി, മദ്യപാനം, യാത്രക്കാരോട് മോശമായി പെരുമാറൽ എന്നിവയാണ് പ്രധാനമായും ഈ കോടതിയിൽ പരിഗണിച്ചു വന്നിരുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് നിലവിൽ ഉണ്ടായിരുന്ന ജഡ്ജി വിരമിക്കുന്നത്. ജഡ്ജി വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പേ പുതിയ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും നിയമനം അനന്തമായി നീളുകയാണ്. തൊഴിൽ നിയമ വകുപ്പുകളിൽ നിന്ന് വിരമിച്ചവരിൽ സർവീസിലിരിക്കെ എൽ എൽ ബിയുള്ളവരെയാണ് രണ്ടാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പദവിയിൽ നിയമിക്കുക. കൊല്ലം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റാണ് ജഡ്ജിയെ നിയമിക്കാൻ അപേക്ഷ ക്ഷണിക്കേണ്ടത്.
കിട്ടുന്ന അപേക്ഷകൾ പരിശോധിച്ച് യോഗ്യരായവരുടെ ലിസ്റ്റ് തയാറാക്കി കളക്ടർക്ക് നൽകുകയാണ് പതിവ്. തുടർന്ന് കളക്ടർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സഹിതം പട്ടിക ഹൈക്കോടതിക്ക് കൈമാറും.
ഹൈക്കോടതിയാണ് പിന്നീട് അയോഗ്യരെ ഒഴിവാക്കി സംസ്ഥാന സർക്കാരിന് നൽകുക. ഈ പട്ടികയിൽ നിന്ന് സർക്കാർ തീരുമാനിക്കുന്നയാളെയാണ് ഹൈക്കോടതി നിയമിക്കുക.
മൂന്നോ നാലോ പേരുടെ പട്ടികയാണ് സാധാരണ സംസ്ഥാന സർക്കാരിന്റെ മുന്നിൽ എത്താറുള്ളത്. ഇത്തവണ അതിൽ നിന്ന് വിരുദ്ധമായി ലിസ്റ്റിൽ കൂടുതൽ പേർ എത്തിയതാണ് പ്രശ്നമായത്.
ഇത്തവണ പട്ടികയിൽ 14 പേർ ആണ് ഇടം പിടിച്ചത്. നിയമോപദേശം തേടുന്നതിന്റെ പേരിലും കാലതാമസം ഉണ്ടായി. പട്ടിക സർക്കാരിന്റെ മുന്നിലെത്തിയിട്ടു മാസങ്ങളായെങ്കിലും ഇത് വരെ ഒരു പരിശോധനയും നടന്നിട്ടില്ല.