അസൗകര്യങ്ങളുടെ നടുവിൽ പുനലൂർ കെഎസ്ആർടിസി ഡിപ്പോ
1601291
Monday, October 20, 2025 6:20 AM IST
അനിൽ പന്തപ്ലാവ്
പുനലൂർ: ദേശീയപാതയും മലയോര ഹൈവേയും സംഗമിക്കുന്ന പുനലൂരിലെ കെഎസ്ആർടിസി ഡിപ്പോയിലെ ഗതാഗത പരിഷ്കരണവും സുരക്ഷ ഉറപ്പാക്കലും എങ്ങുമെത്തിയില്ല. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേ പൂർണമായി കമ്മിഷൻ ചെയ്യുന്നതോടെ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കും.
വിഴിഞ്ഞം -കൊല്ലം - പുനലൂർ വികസന ട്രയാംഗുലർ സർക്യൂട്ട് പദ്ധതി യാഥാർഥ്യമാകുന്നതോടെ പുനലൂർ തന്ത്രപ്രധാനമായ മേഖലയായി മാറും. ഈ വസ്തുതകൾ കൂടി കണക്കിലെടുത്ത് ട്രാൻസ്പോർട്ട് ഡിപ്പോയിലെ ഗതാഗത പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ള താത്കാലിക ട്രാഫിക് ഐലൻഡ് ശാസ്ത്രീയമായി പരിഷ്കരിച്ച് റൗണ്ട് എബൗട്ട് മാതൃകയിലാക്കണമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒയുടെ നേതൃത്വത്തിലുള്ള സംഘം ശുപാർശ ചെയ്തെങ്കിലും നടപടിയുണ്ടായിട്ടില്ല.
അപകടം പതിവാകാറുള്ള ഇവിടെ ട്രാഫിക് ഐലൻഡ് നിർമിച്ച് ഗതാഗതം സുഗമമാക്കുമെന്ന പ്രഖ്യാപനത്തിലും നടപടിയുണ്ടായില്ല. മൂന്നുമാസം മുൻപ് കെഎസ്ആർടിസി ഡിപ്പോ കവാടത്തിൽ തുടർച്ചയായുണ്ടായ അപകടങ്ങളിൽ ഒരാളുടെ ജീവൻ പൊലിഞ്ഞ പശ്ചാത്തലത്തിൽ ഗതാഗത നിയന്ത്രണ സമിതിയോഗം ചേർന്ന് തീരുമാനങ്ങൾ കൈക്കൊണ്ടെങ്കിലും അതും കാര്യക്ഷമമായി നടപ്പാകുന്നില്ല.
മൂന്നുമാസം മുൻപ് മോട്ടർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി ഇവിടെ ആകാശ നടപ്പാത (സ്കൈവേ) നിർമിക്കാൻ 2019ൽ നഗരസഭ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
നഗരത്തിൽ ഏറ്റവുമധികം അപകടങ്ങളുണ്ടാകുന്ന കെഎസ്ആർടിസി മൈതാനത്ത് കാൽനട യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ നടപടികളെടുക്കണമെന്ന് ശുപാർശകൾ ഉണ്ടെങ്കിലും ഫലം കാണുന്നില്ല. 2021 സെപ്റ്റംബറിൽ പി.എസ്. സുപാൽ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഇവിടെ ശാസ്ത്രീയമായി ട്രാഫിക് ഐലൻഡ് നിർമിക്കാൻ തീരുമാനിച്ചു.
അതിനായി ഇവിടെയുണ്ടായിരുന്ന വൈദ്യുതത്തൂണുകൾ കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപത്തേക്ക് മാറ്റിസ്ഥാപിച്ചു. എന്നാൽ അതോടെ നടപടികൾ അവസാനിച്ചു. 2022 ജൂലൈയിൽ കളക്ടർ നിയോഗിച്ച പ്രത്യേക സമിതി സ്ഥലത്ത് ഗതാഗതപ്രശ്നങ്ങൾ സംബന്ധിച്ച് പഠനം നടത്താൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ദേശീയ ഗതാഗത ആസൂത്രണ, ഗവേഷണ കേന്ദ്രം (നാറ്റ്പാക്) അധികൃതർ ഉൾപ്പെടെ സ്ഥലം പരിശോധിക്കുകയും ചെയ്തു.
എന്നാൽ നപടിയുണ്ടായില്ല. കഴിഞ്ഞ മാസം മോട്ടർ വാഹന വകുപ്പ് സ്ഥലത്ത് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടുകയാണ് ഡിപ്പോ. എന്നാൽ ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം കാര്യങ്ങൾ അവതാളത്തിലായിട്ടുണ്ട്.