റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് സജ്ജമായി
1512036
Friday, February 7, 2025 6:14 AM IST
കൊട്ടാരക്കര: റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് (താമസ സ്ഥലം) കെട്ടിട നിർമാണം പൂർത്തിയായി. മാർച്ച് ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 1.10 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൂർത്തിയാക്കിയത്.
റൂറൽ എസ്പിയുടെ ഔദ്യോഗിക വസതിയും ഡ്രൈവർ, ഗൺമാൻ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് താമസിക്കാനുള്ള കെട്ടിടവുമാണ് സജ്ജമാക്കിയത്. തൃക്കണ്ണമംഗൽ ഗാന്ധിമുക്കിന് സമീപത്തെ റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിര കോമ്പൗണ്ടിലാണ് ക്യാമ്പ് ഓഫീസ് നിർമിച്ചത്. കൊട്ടാരക്കര കേന്ദ്രമാക്കി റൂറൽ എസ്പി ഓഫീസ് പ്രവർത്തനം തുടങ്ങിയതു മുതൽ ചുമതലയുള്ള എസ്പിമാർ വാടക കെട്ടിടത്തിലാണ് താമസിച്ചുവരുന്നത്.
എസ്പിയുടെ ക്യാമ്പ് ഓഫീസും ഫലത്തിൽ ഓഫീസിന് തുല്യമാണ്. അതിനാൽ പോലീസ് സുരക്ഷാ സൗകര്യങ്ങൾ ഒരുക്കും. പോലീസ് വയർലെസ് സംവിധാനങ്ങളടക്കം സജ്ജീകരണങ്ങൾ ക്യാമ്പ് ഓഫീസിലുമുണ്ടാകും.
റൂറൽ എസ്പിയ്ക്ക് താമസിക്കാനുള്ള വസതി, ഓഫീസ് മുറി, വിശ്രമ മുറി, ഡ്രൈവർക്കും ഗൺമാനും മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കുമുള്ള പ്രത്യേക കെട്ടിടം. സന്ദർശക മുറി, ലൈബ്രറി തുടങ്ങി വിപുലമായ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
കെട്ടിടവും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയെങ്കിലും മുറ്റത്തെ അലങ്കാരങ്ങൾ, പൂന്തോട്ടം ഇവ തയാറായിട്ടില്ല. നിലവിലെ കരാറുകാർ ചുമതല പൂർത്തിയാക്കി മടങ്ങി.
അതിനാൽ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. ഇന്റർലോക്ക് പാകൽ, ലൈറ്റിംഗ്, ചെടികൾ സജ്ജീകരിക്കൽ, പുറമെയുള്ള പ്ളംബിംഗ് ജോലികൾ എന്നിവ ചെയ്യാനുണ്ട്.
കെട്ടിട ഉദ്ഘാടനം മാർച്ച് ഒന്നിന്
കൊട്ടാരക്കര: എസ്പിയുടെ ക്യാമ്പ് ഓഫീസ്, കൊട്ടാരക്കര പോലീസ് സ്റ്റേഷൻ കെട്ടിടം, ചിതറ പോലീസ് സ്റ്റേഷൻ കെട്ടിടം എന്നിവയാണ് റൂറൽ ജില്ലയിൽ ഉദ്ഘാടനം ചെയ്യാനുള്ളത്. മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും.