കാട്ടുവിള ഗോപാലകൃഷ്ണപിള്ള സേവന രംഗത്തെ ബഹുമുഖ പ്രതിഭ
1482774
Thursday, November 28, 2024 6:40 AM IST
കൊല്ലം: അധ്യാപകനിൽ നിന്ന് അധ്യാത്മിക പ്രഭാഷകൻ വരെ എത്തി നിൽക്കുന്നു കാട്ടുവിള ഗോപാലകൃഷ്ണപിള്ള എന്ന പൊതു പ്രവർത്തകന്റെ കർമരംഗത്തെ വേഷപ്പകർച്ചകൾ.
ജീവിത സായന്തനത്തിലും അർപ്പണ മനോഭാവത്തോടെയും അതിലേറെ ആത്മാർഥയോടെയും അദ്ദേഹം കർമ രംഗത്ത് ഏറെ സജീവമാണ്. സമൂഹത്തിലെ എല്ലാ മേഖലകളിലും തന്റേതായ കൈയൊപ്പ് ചാർത്തിയാണ് വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ ഇപ്പോഴും ഈ ബഹുമുഖ പ്രതിഭ മുന്നോട്ടു കൊണ്ടു പോകുന്നത്. പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്നതാണ് ഇദ്ദേഹം ഇതിനകം കാഴ്ചവച്ച പ്രവർത്തനങ്ങളെല്ലാം.
മൈനാഗപ്പള്ളി കിഴക്കേക്കര രാഘവൻ പിള്ള -ജാനകിയമ്മ ദമ്പതികളുടെ മകനായി 1967 ഡിസംബർ 28നാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം തേവലക്കര ഈസ്റ്റ് ഗവ. എൽപിഎസിലായിരുന്നു. സ്കോളർഷിപ്പോടെയാണ് അവിടെ പഠനം പൂർത്തിയാക്കിയത്. ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ നിന്നാണ്. പ്രീഡിഗ്രിയും ബിരുദവും കരസ്ഥമാക്കിയത് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിൽ നിന്നാണ്.
2000 മേയിൽ കെഎസ്ആർടിസി കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് പല വകുപ്പിലെയും സേവനത്തിന് ശേഷം 2024 മേയ് 31ന് കല്ലട ഇറിഗേഷൻ അടൂർ സബ് ഡിവിഷനിൽ നിന്ന് വിരമിച്ചു. ഈ വേളയിൽ ബഥേൽ സ്കൂൾ പിടിഎ ഇദ്ദേഹത്തിന് പ്രശംസാ പത്രം നൽകി ആദരിച്ചു.
പഠനം പൂർത്തിയാക്കിയ ശേഷം സമാന്തര വിദ്യാഭ്യാസ രംഗത്ത് കാൽ നൂറ്റാണ്ടോളം മികച്ച അധ്യാപകനായി തിളങ്ങി. ഒപ്പം പൊതു പ്രവർത്തകനായും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും സജീവ സാന്നിധ്യമായിരുന്നു. നാട്ടിലെ വിവിധ സംഘടനകളുടെ സാരഥിയും വഴികാട്ടിയുമായും പ്രവർത്തിച്ചു.
2018 മുതൽ ഗാന്ധിജി സാംസ്കാരിക സമിതിയുടെ അമരക്കാരനായി പ്രവർത്തിച്ച് വരുന്നു.
കിഴക്കേക്കര പൗരസമിതിയുടെ പ്രസിഡന്റായും കോവൂർ എൻഎസ്എസ് കരയോഗം സ്ഥാപക സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രതിനിധി അംഗമാണ്.
എൻജിഒ അസോസിയേഷൻ കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്നു. മൈനാഗപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. അറിയപ്പെടുന്ന ആധ്യാത്മിക പ്രഭാഷകനുമാണ്.
ഭാര്യ: ചവറ പന്മന അജിത വിലാസത്തിൽ അനുകുമാരിയമ്മ. മക്കൾ: ഗോപിക കൃഷ്ണൻ (വെറ്ററിനറി സയൻസ് വിദ്യാർഥിനി), ഗോപീകൃഷ്ണൻ (പ്ലസ് വൺ വിദ്യാർഥി).