തിരശീല ഉയർന്നു...
1482759
Thursday, November 28, 2024 6:30 AM IST
കൊല്ലം: നാട്യവിസ്മയങ്ങളുടെ നടനചാരുതയിൽ കൗമാര കലോത്സവത്തിന് വർണാഭമായ തുടക്കം. ജില്ലാ സ്കൂൾ കലോത്സവത്തിന് കൊട്ടാരക്കരയിൽ തിരശീല ഉയർന്നതോടെ ജില്ലയുടെ ഉത്സവമായി.
14 വേദികളും ഉണർന്നതോടെ മത്സരങ്ങൾക്കും ചൂടേറി. ക്ലാസിക്കൽ സംഗീത മത്സരങ്ങളിൽ ചിലതിലൊക്കെ പരാതികളൊഴിച്ചാൽ മെച്ചപ്പെട്ട സംഘാടക കൂട്ടായ്മയാണ് കാണാൻ കഴിഞ്ഞത്. എച്ച് എസ് വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ 10 പേർ മാറ്റുരച്ചപ്പോൾ അഞ്ചുപേർക്കും നിലവാരം പോര എന്ന പരാതിയാണ് വിധികർത്താക്കൾക്ക് .അഭിനയം, ഭാവാഭിനയം എന്നിവയുടെ നിലവാരമില്ലായ്മ മത്സരത്തിന്റെ ശോഭ കെടുത്തി.
ഒരു വേദിയിൽ വിധി കർത്താക്കൾ എത്താൻ വൈകിയതും മാർഗംകളിയുടെ വിധികർത്താക്കളിലൊരാൾ സബ് ജില്ലയിലെ വിധികർത്താവായിരുന്നു എന്ന ആരോപണവും വിവാദത്തിനിടവരുത്തി.
മറ്റു വേദികളിൽ നടന്ന മോഹിനിയാട്ടം, നാടോടിനൃത്തം, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത് ഓട്ടൻതുള്ളൽ മാർഗംകളി എന്നിവ എല്ലാം തന്നെ പൊതുവേ നിലവാരം പുലർത്തിയിരുന്നു.