കിഴക്കേ കല്ലടയിൽ 110 കെവി സബ്സ്റ്റേഷൻ നിർമാണം ആരംഭിക്കണം
1482112
Tuesday, November 26, 2024 2:43 AM IST
കുണ്ടറ: കിഴക്കേ കല്ലടയിലും മൺട്രോതുരുത്തിലും വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 110 കെ വി സബ്സ്റ്റേഷൻ നിർമിക്കണമെന്ന് കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ ദ കോസ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും ബോർഡ് ചെയർമാനും നിവേദനം നൽകി.
മൺട്രോതുരുത്ത് കിഴക്കേകല്ലട പഞ്ചായത്തുകൾ പൂർണമായും കുണ്ടറ പേരയം പവിത്രേശ്വരം പഞ്ചായത്ത് പ്രദേശങ്ങളും ഉൾപ്പെട്ട കിഴക്കേകല്ലട സെക്ഷനിൽ വൈദ്യുതി മുടക്കം പതിവാണ്. സബ്സ്റ്റേഷനിൽ നിന്നുള്ള 11 കെ വി സപ്ലൈ വഴിയുള്ള വിതരണത്തിൽ തടസമുണ്ട്.
സമീപത്തെ പുത്തൂർ, കടമ്പനാട് സബ്സ്റ്റേഷനുകളിൽ നിന്ന് നിലവിൽ സപ്ലൈ കിട്ടാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ശാസ്താംകോട്ട സബ്സ്റ്റേഷനിൽ നിന്ന് ബാക്ക് ഫീഡിംഗ് വഴി മൺട്രോ തുരുത്തിലേക്ക് സപ്ലൈ ലൈൻ ഉണ്ടെങ്കിലും കാര്യമായി പ്രയോജനപ്പെടുന്നില്ല. കുണ്ടറ, ശാസ്താംകോട്ട, പുത്തൂർ സെക്ഷൻ പരിധികളിൽ അറ്റകുറ്റ പണികൾ നടക്കുമ്പോഴും കാറ്റും മഴയും വരുമ്പോഴും ടൂറിസം മേഖലയായ മൺട്രോത്തുരുത്തിൽ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. വൈദ്യുതി തടസങ്ങൾക്ക് പരിഹാരമായി വൈദ്യുതി ബോർഡ് കിഴക്കേ കല്ലടയിൽ ഏറ്റെടുത്ത സ്ഥലത്ത് 110 കെ വി ലൈൻ സബ്സ്റ്റേഷൻ നിർമിക്കണമെന്ന് ദ കോസ് ആവശ്യപ്പെട്ടു.