കൗമാരോത്സവത്തിന് ഇന്ന് കൊടിയേറും
1482131
Tuesday, November 26, 2024 2:44 AM IST
കൊട്ടാരക്കര: റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്നു തുടക്കമാകും. ഇന്നു കഥാരചന, കവിതാ രചന, ഡ്രോയിംഗ്, പെയിന്റിംഗ് എന്നിവയിൽ മൽസരങ്ങൾ നടക്കും. ടാബ്ലോ മൽസരവും ഇന്നാണ് നടക്കുക. അവതരണ മത്സരങ്ങളിൽ 10 ഓളം ഗോത്ര കലകൾ ഉൾപ്പെടെ 5000 ത്തോളം വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും.
സംസ്കൃതോത്സവത്തിൽ യുപി, എച്ച്എസ് വിഭാഗങ്ങളിലായി 19 ഇനങ്ങളിലും,അറബിക് കലോത്സവം യുപി വിഭാഗം 13 ഇനങ്ങളിലും എച്ച്എസ് വിഭാഗം 19 ഇനങ്ങളിലുമായിയാണ് മത്സരം.
ഇത് കൂടാതെ യുപി വിഭാഗം 38 ഇനങ്ങളിലും ഹയർസെക്കൻഡറി വിഭാഗം 104 ഇനങ്ങളിലും, ഹൈസ്കൂൾ വിഭാഗം 95 ഇനങ്ങളിലും മത്സരങ്ങൾ നടക്കും.
ഇന്നു രാവിലെ 8.30 ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.എ. ലാൽ പതാക ഉയർത്തുന്നതോടെ കലോത്സവ രചന മത്സരങ്ങൾ ആരംഭിക്കും. നാളെ ഉച്ചകഴിഞ്ഞ് 3.30 ന് ഉദ്ഘാടന സമ്മേളനം മന്ത്രി ജെ. ചിഞ്ചു റാണിയുടെ അധ്യക്ഷതയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.
കെ.സി. വേണുഗോപാൽ എംപി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കളക്ടർ എൻ. ദേവീദാസ്, റൂറൽ എസ്പി സാബു മാത്യു, ജില്ലയിലെ എം എൽഎമാർ, ജില്ലാ ബ്ലോക്ക്, നഗരസഭ പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ കൗൺസിലർമാർ, സംഘാടക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
30 ന് വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം നഗരസഭ ചെയർമാൻ എസ്.ആർ. രമേശിന്റെ അധ്യക്ഷതയിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.
എൻ.കെ. പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും. മത്സര ഇനങ്ങൾക്കായി 15 വേദികളാണ് ഉയരുക.
പ്രധാന മത്സരങ്ങളായ നൃത്ത വിഭാഗം ഇനങ്ങൾ ഒന്നാം വേദിയായ ബോയ്സ് ഗ്രൗണ്ടിൽ വേദി ഒന്നിലും ജിബി എച്ച്എസ്എസ് സ്കൂൾ കോമ്പൗണ്ടിലെ വേദി രണ്ടിൽ ഗോത്ര കലകലും അരങ്ങേറും.
ജിബി എച്ച്എസ്എസ്, വിഎച്ച്എസ്ഇ ഹാൾ വേദി മൂന്ന്, ബോയ്സ്ഹൈസ്കൂൾ ഹാൾ വേദി നാല്, കടലാവിള കാർമൽ വേദി അഞ്ച്, കാർമൽ ഓഡിറ്റോറിയം വേദി ആറ്, തൃക്കണ്ണമംഗൽ എൽഎംഎസ് എൽപിഎസ് വേദി ഏഴ്, തൃക്കണ്ണമംഗൽ എസ്കെവിഎച്ച്എസ്എസ് വേദി എട്ട്, ജിഎൽപിഎസ് തൃക്കണ്ണമംഗൽ വേദി ഒൻപത്, കിഴക്കേക്കര സെന്റ് മേരീസ് എച്ച്എസ് വേദി പത്ത്, ടൗൺ യുപിഎസ് വേദി 11, കൊട്ടാരക്കര മാർത്തോമാ എച്ച്എസ് വേദി 12 കൊട്ടാരക്കര മാർത്തോമാ എൽപിഎസ് വേദി 13, കൊട്ടാരക്കര പുലമൺ സെന്റ് ഗ്രിഗോറിയസ് വേദി 14, സൗപർണിക ഓഡിറ്റോറിയം (ഭക്ഷണം) എന്നിങ്ങനെയാണ് ക്രമീകരണങ്ങൾ.
പാലുകാച്ചൽ ചടങ്ങ് നടത്തി
കൊട്ടാരക്കര: കൊല്ലം റവന്യു ജില്ലാ കലോത്സവത്തിന്റെ ഭക്ഷണശാലയിൽ പാലുകാച്ചൽ ചടങ്ങ് നടത്തി. പി.സി വിഷ്ണുനാഥ് എംഎൽഎ പാലുകാച്ചൽ നിർവഹിച്ചു.
ഭക്ഷണ കമ്മിറ്റി ചെയർമാൻ പി. ഹരികുമാർ, കൺവീനർ പരവൂർ സജീവ്, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് ഉച്ചഭക്ഷണത്തോടെയാണ് ഭക്ഷണശാല പ്രവർത്തനമാരംഭിക്കുന്നത്.