ജീവകാരുണ്യ ദൗത്യത്തിൽ പങ്കാളിയായി ചെറുപുഷ്പ സെൻട്രൽ സ്കൂൾ
1482125
Tuesday, November 26, 2024 2:44 AM IST
ആയൂർ: ചെറുപുഷ്പ സെൻട്രൽ സ്കൂളിൽ കെയർ ക്ലബിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനം നടത്തി. ജീവിതത്തിന്റെ വ്യത്യസ്ത തുറകളിൽ പ്രവർത്തിച്ചിരുന്ന മൊബൈൽ ഷോപ്പ് ജീവനക്കാരനായ കോഴിക്കോട് സ്വദേശി നിജിൻ, സ്കൂൾ അധ്യാപകനായ വയനാട് സ്വദേശി റനീഷ് ഇവരുടെ അസാധാരണ സൗഹൃദത്തിൽ നിന്ന് രൂപം കൊണ്ടതാണ് ഒരു രൂപ ചലഞ്ച് എന്ന ഈ ജീവകാരുണ്യദൗത്യ പരിപാടി.
കേരളത്തിൽ നിന്ന് കാശ്മീർ വരെ സൈക്കിൾ കാരവനിൽ യാത്ര ചെയ്ത് സമാഹരിച്ച് കിട്ടുന്ന തുകകൊണ്ട് വയനാട് ദുരന്തമേഖലയിലെ ഭിന്നശേഷിക്കാരായ അഞ്ചുപേർക്ക് വീടുവച്ച് നൽകാനുള്ള ലക്ഷ്യത്തോടെയാണ് യാത്ര നടത്തുന്നത്.യാത്രാ സംഘത്തിന് ചെറുപുഷ്പ സ്കൂളിൽ സ്വീകരണം നൽകുകയും കുട്ടികളിൽ നിന്ന് സമാഹരിച്ച തുക കൈമാറുകയും ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. അരുൺ ഏറത്ത്, ബർസാർ ഫാ. ക്രിസ്റ്റി ചരുവിള എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ജീവനക്കാർ, വിദ്യാർഥികൾ, ആയൂർ വൈദിക ജില്ലാ വികാരി ഫാ. ജോൺ അരീക്കൽ, ചെറുവള്ളൂർ ഇടവക വികാരി ഫാ. ഫിലിപ്പോസ് ജോൺ മണ്ണിൽ എന്നിവരും പങ്കെടുത്തു. കുട്ടികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളോട് താല്പര്യം വർധിപ്പിക്കാൻ പരിപാടി ഏറെ സഹായകമായി.