തേവള്ളി -കുരീപ്പുഴ പാലം യാഥാർഥ്യമാക്കണം: പ്രേമചന്ദ്രൻ
1482514
Wednesday, November 27, 2024 6:55 AM IST
കൊല്ലം: കൊല്ലം ബൈപാസിന്റെ പൂർത്തീകരണവും പ്രാക്കുളം കുരീപ്പുഴ പാലവും യാഥാർഥ്യമാകുന്നതോടെ കൊല്ലത്തുനിന്നും പ്രാക്കുളം അഷ്ടമുടി പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർക്ക് തേവള്ളി -കുരീപ്പുഴ പാലം വരുന്നതോടെ ആശ്വാസകരമാകുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി.
ആർഎസ്പി കുരീപ്പുഴ ഡിവിഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രേമചന്ദ്രൻ. അഷ്ടമുടി പ്രാക്കുളം ടൂറിസം വികസനത്തിന് തേവള്ളി കുരീപ്പുഴ പാലം വൻ വികസന മുന്നേറ്റം ഉണ്ടാക്കും. മുൻമന്ത്രി പി .കെ. ഗുരുദാസൻ മന്ത്രിയായിരുന്നപ്പോൾ ഈ പാലം യാഥാർഥ്യമാക്കുന്നതിന് വേണ്ടി മണ്ണ് പരിശോധന നടത്തി ടോക്കൻ എമൗണ്ട് അനുവദിച്ചതാണ്.
മുകേഷ് എംഎൽഎയുടെ നേതൃത്വത്തിലും മണ്ണ് പരിശോധനയ്ക്കുള്ള നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും പാലത്തിന്റെ പണി ഇതുവരെ യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ടൂറിസം വികസന സാധ്യതകൾ മുന്നിൽ കണ്ട് തേവള്ളി കുരീപ്പുഴ പാലം എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന് ആർഎസ്പി കുരീപ്പുഴ ഡിവിഷൻ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി അംഗം കുരീപ്പുഴ മോഹനൻ അധ്യക്ഷത വഹിച്ചു.കോർഡിനേറ്റർ എം .എസ്. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി .ആർ. അജിത് കുമാർ , വൈ .അലിയാര്കുഞ്ഞ്, അജിത്ത് അനന്തകൃഷ്ണൻ, ബിജു ആർ നായർ, അനിൽ സി കുരീപ്പുഴ, ഐക്യമഹിളാസംഘം മണ്ഡലം സെക്രട്ടറി സുശീല, അബ്ദുൽ സത്താർ, കാർത്തികേയൻ, ബിജു, അജി കൃസ്റ്റഫർ, ശ്രീജാ തുടങ്ങിയവർ പ്രസംഗിച്ചു.