സിപിഎം അഞ്ചൽ ഏരിയ സമ്മേളനത്തിന് തുടക്കം
1482127
Tuesday, November 26, 2024 2:44 AM IST
അഞ്ചല്‍: സിപിഎം അഞ്ചല്‍ ഏരിയാ സമ്മേളനത്തിന് തുടക്കം. തടിക്കാട് എം.എ അഷറഫ് സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച ദീപശിഖ യാത്രയും, സിഐടിയു അഖിലേന്ത്യാ കമ്മിറ്റി അംഗം ലാലാജി ബാബുവിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച പതാക ജാഥയും, മുന്‍ ഏരിയാ സെക്രട്ടറി സി. ജയശങ്കറിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച കൊടിമര ജാഥയും കഴിഞ്ഞ ദിവസം സമ്മേളന നഗരിയായ ഭാരതീപുരം പാംവ്യൂ കണ്വന്ഷന് സെന്ററിലെത്തി.
ഏരിയാ സെക്രട്ടറി ഡി. വിശ്വസേനന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പതാകയും കൊടിമരവും ഏറ്റുവാങ്ങി. സമ്മേളന വേദിക്ക് മുന്പിൽ കൊടിമരം സ്ഥാപിച്ചു.
ഇന്നലെ മുതിര്‍ന്ന പ്രവര്ത്തകന് ഹംസ പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. രാജ്യസഭ മുന്‍ അംഗവും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ച് പുതിയ സാധ്യതകൾക്ക് അനുസൃതമായി നയപരിപാടികൾ ആവിഷ്ക്കരിക്കാനുള്ള ചർച്ചകൾക്ക് സമ്മേളനങ്ങളിൽ സിപിഎം നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള പദ്ധതികളുമായി കേന്ദ്രം ഭരിക്കുന്ന ബിജെപി മുന്നോട്ടു പോവുകയാണ്. അതിനെതിരേ ക്രിയാത്മക പോരാട്ടം നടത്താൻ കഴിവില്ലാത്തതരത്തിൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് രാജ്യത്ത് അധഃപതിച്ചതായി അദ്ദേഹം പറഞ്ഞു. കെ. ബാബു പണിക്കര്‍ അധ്യക്ഷത വഹിച്ചു.
നേതാക്കളായ എസ്. ജയമോഹന്, ജോര്‍ജ് മാത്യു, ഡി. വിശ്വസേനന്‍, വി.എസ്. സതീഷ്, ടി. അജയന്, സുജ ചന്ദ്രബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങള്‍ അടക്കം 161 പ്രതിനിധികളാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനം ഇന്ന് സമാപിക്കും. 29 നു നടക്കുന്ന പൊതുസമ്മേളനം എൽഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പ്രകടനം റെഡ് വാളണ്ടിയര്‍ മാര്‍ച്ച് എന്നിവയും നടക്കും.