കേരള ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ക്ക് സഹായം നല്‍കും: മന്ത്രി കെ.എന്‍. ബാലഗോപാല്‍
1482122
Tuesday, November 26, 2024 2:44 AM IST
കൊല്ലം: കരകൗശല മേഖലയില്‍ കേരള ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രത്യേക പദ്ധതിക്ക് ബജറ്റില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍.
കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ കൈരളി കൊല്ലം ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്ന കരകൗശല ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണനം ഉറപ്പാക്കണം. കരകൗശല മേഖലയില്‍ ഉള്ളവരുടെ തൊഴില്‍ ലഭ്യതയും സാമ്പത്തിക- സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ടാണ് പുതിയ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചത്.
കഥകളി, ചുണ്ടന്‍വള്ളം, നെറ്റിപ്പട്ടം കെട്ടിയ ആന, തെയ്യം, ശില്പങ്ങള്, ആറന്മുള കണ്ണാടി തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങള്‍ മുഖേന കേരളപൈതൃകം നിലനിര്‍ത്തുന്നതിലും പുതിയ തലമുറയെ പരിചയപ്പെടുത്തുന്നതിനും കരകൗശല മേഖലയിലുള്ളവരുടെ പങ്ക് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ബീച്ച് റോഡിലെ ബെന്‍സിഗര്‍ ആശുപത്രിക്ക് സമീപമുള്ള ആമ്പാടി ഹോട്ടല്‍ കെട്ടിടത്തിലാണ് പുതിയ ഷോറൂം പ്രവര്‍ത്തനം തുടങ്ങിയത്. ചടങ്ങില്‍ എം. മുകേഷ് എംഎല്‍എ അധ്യക്ഷനായി.
മേയര്‍ പ്രസന്ന ഏണസ്റ്റ് ആദ്യ വില്പന നടത്തി. കേരള കരകൗശല വികസന കോര്പ്പറേഷന് ചെയര്മാന് പി. രാമഭദ്രന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, കേരള കരകൗശല വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ജി.എസ്. സന്തോഷ്, ഡയറക്ടര്‍ ബി. ബാബു, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍, കൈരളി യൂണിറ്റ് ഇന്‍ ചാര്‍ജ് ലക്ഷ്മി സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.