പുല്ലിച്ചിറ തീർഥാടനം 30 മുതൽ
1482117
Tuesday, November 26, 2024 2:43 AM IST
കൊല്ലം: പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയത്തിലെ പുല്ലിച്ചിറ തീർഥാടനം 30 ന് ആരംഭിച്ച് ഡിസംബർ 31 - ന് സമാപിക്കും.തിരുനാൾ ഉത്സവം ഡിസംബർ 12 മുതൽ 23 വരെ നടക്കും. ഫാ. ബിജിൽ ചക്യത്ത് നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം ഡിസംബർ 16 മുതൽ 20 വരെ ഉണ്ടായിരിക്കും.
30-ന് വൈകുന്നേരം നാലിന് ആഘോഷമായ ജപമാല പ്രാർഥനയും തീർഥാടന വിളംബരവും നടക്കും. തുടർന്ന് കൊല്ലം രൂപത വികാരി ജനറാൾ മോൺ. ബൈജു ജൂലിയാന്റെ മുഖ്യകാർമികത്വത്തിൽ തീർഥാടന സമാരംഭ ദിവ്യബലിയോടെ മരിയൻ തീർഥാടനം ആരംഭിക്കും.
ഡിസംബർ ഒന്നു മുതൽ 31 വരെ രാവിലെ ഏഴിനും ഉച്ചയ്ക്ക് 12-നും വൈകുന്നേരം അഞ്ചിനും ദിവ്യബലി ഉണ്ടായിരിക്കും. തീർഥാടന ദിവസങ്ങളിൽ രൂപതയിലെ വിവിധ ഭക്തസംഘടനകൾ, കൂട്ടായ്മകൾ, മറ്റ് പ്രവർത്തകരുടെ സംഗമങ്ങളും തുടർന്ന് സ്നേഹ വിരുന്നും നടക്കും.
ഡിസംബർ 12-ന് രാവിലെ എട്ടിന് ഇടവക വികാരി ഫാ.എഫ്. അമൽ രാജ് തിരുനാൾ കൊടിയേറ്റും. തുടർന്ന് കൊല്ലം രൂപത മുൻ ബിഷപ് ഡോ. സ്റ്റാൻലി റോമന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ സമാരംഭ ദിവ്യബലി. 15 - ന് ഇടവക ദിനം ആചരിക്കും. അന്ന് രാവിലെ ഒമ്പതിന് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം ഉണ്ടായിരിക്കും.
21 - ന് രാവിലെ ഏഴിന് ആഘോഷമായ ദിവ്യബലിയും തുടർന്ന് കായൽ വെഞ്ചരിപ്പും നടക്കും. ഉച്ചയ്ക്ക് 1.30 ന് പുല്ലിച്ചിറ മാതാവിന്റെ കിരീടവും ജപമാലയുമായുള്ള പ്രദക്ഷിണവും തുടർന്ന് ദിവ്യബലിയും നടക്കും.
വൈകുന്നേരം ആറിന് തിരുനാൾ സായാഹ്ന പ്രാർഥനയും തിരുസ്വരൂപം വഹിച്ചുള്ള ആഘോഷമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. രാത്രി 11 മുതൽ രാവിലെ അഞ്ച് വരെ ജാഗരണ പ്രാർഥനയും ഉണ്ടായിരിക്കും.
22-ന് രാവിലെ പത്തിന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലി, വചന പ്രഘോഷണം, ദിവ്യകാരുണ്യ പ്രദക്ഷിണം, തിരു സ്വരൂപ പ്രദക്ഷിണം, പുതിയ പ്രസുദേന്തിയെ വാഴിക്കൽ എന്നിവ നടക്കും.
23 - ന് രാവിലെ എട്ടിന് പരേതരായ പ്രസുദേന്തിമാർക്കുള്ള ദിവ്യബലിയും വൈകുന്നേരം നാലിന് കൃതജ്ഞതാ ദിവ്യബലിയും ഉണ്ടായിരിക്കും.
തുടർന്ന് തിരുസ്വരൂപം എഴുന്നള്ളിക്കൽ, തിരുനാൾ കൊടിയിറക്ക്, തൃപ്പാദ ചുംബനം, തിരുസ്വരൂപ പുനഃപ്രതിഷ്ഠ എന്നിവ നടക്കും. 31- ന് വൈകുന്നേരം അഞ്ചിന് സമാപന ദിവ്യബലിയോടെ തീർഥാടനം സമാപിക്കും.
പുല്ലിച്ചിറ ഇടവക വികാരി ഫാ.എഫ്. അമൽരാജ്, കൈക്കാരൻ ജോസഫ് മെറ്റിൽഡാ ഫ്രാൻസിസ്, സെക്രട്ടറി ആൻഡ്രൂസ് അലോഷ്യസ് എന്നിവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.