നിറഞ്ഞാടി നർത്തകർ
1482760
Thursday, November 28, 2024 6:30 AM IST
കൊട്ടാരക്കര: കനകചിലങ്ക കിലുക്കി കിലുക്കി വേദികളിൽ കൊച്ചു നർത്തകർ നിറഞ്ഞാടി. വേദി ഒന്നിൽ രാവിലെ എച്ച് എസ്, എച്ച്എസ്എസ് വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യ മത്സരം നടന്നു.
ഒൻപതു വീതം മൽസരാർഥികളാണ് പങ്കെടുത്തത്. ഒന്നിനൊന്ന് മികച്ചതായിരുന്നു ഓരോ മത്സരവുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. വേദി രണ്ടിലും ഭരതനാട്യ മത്സരം നടന്നു. യുപി വിഭാഗം മത്സരം ഇവിടെയായിരുന്നു.
വേദി ആറിൽ (കാർമൽ ഓഡിറ്റോറിയം) കുച്ചിപ്പുടി മത്സരവും വേദി12 ൽ (എംടി എച്ച്എസ് ) മാർഗംകളി മത്സരവും വേദി അഞ്ചിൽ മോഹിനിയാട്ട മൽസരവും നടന്നു.
ഗവ. എച്ച്എസ്എസിലെ വേദി രണ്ടിലായിരുന്നു നാടക മത്സരം.നാടകങ്ങൾ പൊതുവേ നിലവാരം പുലർത്തിയില്ല.
സംഭാഷണം തെറ്റിയ നാടകങ്ങൾ വരെ മത്സരത്തിനുണ്ടായിരുന്നു. പരിശീലന കുറവാണ് നാടകങ്ങളുടെ നിലവാര തകർച്ചക്ക് കാരണമെന്നാണ് വിലയിരുത്തൽ.
മത്സരങ്ങൾ തുടങ്ങാൻ വൈകിയത് വിധികർത്താക്കൾക്കും കാണികൾക്കും ബുദ്ധിമുട്ടുണ്ടാക്കി.10ന് തുടങ്ങേണ്ടിയിരുന്ന മത്സരങ്ങൾ 11 നാണ് ആരംഭിച്ചത്.