കൊടിക്കുന്നിൽ ലോക്സഭയിൽ ഉന്നയിച്ചു : എഴുകോൺ ഇഎസ്ഐസി ആശുപത്രി നവീകരിക്കണം
1482767
Thursday, November 28, 2024 6:30 AM IST
കുണ്ടറ: പ്രദേശത്ത് വളർന്നുവരുന്ന ആരോഗ്യ, വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി എഴുകോൺ ഇഎസ്ഐസി ആശുപത്രി നവീകരണത്തിന് മുൻഗണന നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
റൂൾ 377 പ്രകാരം ലോക്സഭയിൽ ഈ വിഷയം ഉന്നയിച്ച അദ്ദേഹം, ഇൻഷുറൻസ് ചെയ്ത തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമിടയിൽ ആധുനികവും നൂതനമായ വൈദ്യ പരിചരണത്തിനുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഇഎസ്ഐസി ആശുപത്രിയെ 250 കിടക്കകളുള്ള സൂപ്പർ സ്പെഷാലിറ്റി അലോപ്പതി ആശുപത്രിയാക്കി മാറ്റേണ്ടതിന്റെ അടിയന്തര ആവശ്യകത ചൂണ്ടിക്കാണിച്ചു.
കൂടാതെ ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസത്തേയും നൈപുണ്യ വികസനത്തേയും പിന്തുണയ്ക്കുന്നതിനായി മുമ്പ് അനുവദിച്ച ഡെന്റൽ, ഫാർമസി കോഴ്സുകൾ പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. നിലവിലുള്ള ആയുർവേദ ആശുപത്രിയെ സമ്പൂർണ ആയുർവേദ മെഡിക്കൽ കോളജായി ഉയർത്താനുള്ള സാധ്യത പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് പരമ്പരാഗത വൈദ്യശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുകയും ആയൂർവേദത്തിലെ വിദ്യാഭ്യാസ, ഗവേഷണ അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യും. ഈ സംരംഭങ്ങൾ ആരോഗ്യ സേവനങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുമെന്നും ആരോഗ്യ വിദ്യാഭ്യാസം വർധിപ്പിക്കുകയും ചെയ്യും.
കൊല്ലത്തും സമീപ പ്രദേശങ്ങളിലുമുള്ള ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഈ നിർണായക നിർദേശങ്ങൾ നടപ്പാക്കാൻ തൊഴിൽ മന്ത്രാലയവും ആയുഷ് മന്ത്രാലയവും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.