കുളത്തൂപ്പുഴയിലെ വിജിലൻസ് പരിശോധന: പരാതി വ്യാജമെന്ന് പ്രസിഡന്റ്
1482770
Thursday, November 28, 2024 6:40 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിന്റെ തെരുവ് വിളക്ക് പരിപാലന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടക്കുന്നതായി പ്രസിഡന്റ് പി. ലൈലാബീവി അറിയിച്ചു.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിന്റെ ആഭ്യന്തര വിജിലൻസിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് കൊല്ലം ഇന്റേണൽ വിജിലൻസ് വിഭാഗം പഞ്ചായത്തിലെത്തി പരാതി പരിശോധിക്കുകയും പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതോടൊപ്പം മറ്റ് ചില പരാതികളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. എന്തെങ്കിലും തരത്തില്‍ അപാകതയോ ക്രമക്കേടോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പരാതികളിൽ സ്വീകരിക്കുന്ന സ്വാഭാവിക നടപടി മാത്രമാണ് നടത്തിയ അന്വേഷണം.
ഈ സ്ഥിതി നിലനിൽക്കേ പഞ്ചായത്തിനെ അപകീർത്തിപ്പെടുത്താൻ രാഷ്ട്രീയമായി ചിലർ ശ്രമിക്കുകയാണന്ന് പ്രസിഡന്റ് അറിയിച്ചു. ഒട്ടേറെ പരാതികൾ രണ്ട് വർഷത്തിനിടയിൽ നൽകിയ വ്യക്തിയാണ് ഈ പരാതിയും നൽകിയിട്ടുള്ളത്.
ഇയാൾക്കെതിരേ ഉചിതമായ നിയമ നടപടികളെക്കുറിച്ച് ആലോചിക്കുന്നു. കേരളത്തിൽ തന്നെ ഏറ്റവും മികച്ച തെരുവ് വിളക്ക് പരിപാലനമാണ് കുളത്തൂപ്പുഴ പഞ്ചായത്തിന്റെ തൂവെളിച്ചം. 50 ഓളം പഞ്ചായത്ത് പ്രതിനിധികൾ ഇതിനകം ഈ പ്രവർത്തനങ്ങൾ കാണാനും പഠിക്കാനും കുളത്തൂപ്പുഴയിൽ എത്തിയിട്ടുണ്ട്. നാടിന് ഗുണകരമായ ഈ പ്രവർത്തനം തടസപ്പെടുത്താൻ ചില സംഘങ്ങൾ പ്രവർത്തിക്കുന്നതായി അവർ ആരോപിച്ചു.
ഈ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ വ്യാജ പ്രചാരണമെന്നും പ്രസിഡന്റ് വ്യക്തമാക്കി.