വിടർന്നു നറുപുഞ്ചിരികൾ; പാൽപുഞ്ചിരി മത്സരം കൗതുകമായി
1482114
Tuesday, November 26, 2024 2:43 AM IST
കൊട്ടാരക്കര: റാഫാ ഹെൽത്ത് ലെമോയി, എകെബിഎസ്, വാളകം കോമ്പസ് ഗ്ലോബൽ സ്കൂൾ എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച പാൽപുഞ്ചിരി മത്സരം വർണാഭമായ ചടങ്ങുകളോടെ നടന്നു.
പുഞ്ചിരി തൂകി ചുവട് വച്ച് 500ൽ പരം കുഞ്ഞുങ്ങൾ മത്സരത്തിൽ പങ്കാളികളായി. കുരുന്നുകളുടെ കുസൃതികളും അവതരിപ്പിച്ച കലാപരിപാടികളും തിങ്ങിനിറഞ്ഞ മാതാപിതാക്കൾ ഉൾപ്പെടെയുള്ള സദസിനെ ആഹ്ലാദിപ്പിച്ചു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ഡോ.മാത്യു ജേക്കബ് ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളുടെ പുഞ്ചിരിയുടെ സൗന്ദര്യത്തോളം വരില്ല ലോകത്തെ ഏതു സുന്ദര വസ്തുവിന്റെ ഭംഗിയെന്നും മാതാപിതാക്കളുടെ ലോകം തന്നെ സ്വന്തം കുഞ്ഞിന്റെ പുഞ്ചിരിയാണെന്നും അദ്ദേഹം പറഞ്ഞു.സംഘാടക സമിതി ചെയർമാൻ കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു.
സംഗീതസംവിധായകൻ രാജൻ കോസ്മിക്, റിട്ട. ഡിഡിസി സി.ശശിധരൻപിള്ള, റാഫാ ഹെൽത്ത് ലെമോയി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഡോ. മേരി മാത്യു ജോർജ്, അധ്യാപക അവാർഡ് ജേതാവ് ഷൈല അലക്സ്, ഐഎംഎ സെക്രട്ടറി ഡോ.അജി അയിരൂർ തോമസ്, കൺവീനർ അജേഷ് പണിക്കർ, ആഷ അലക്സ് എന്നിവർ പ്രസംഗിച്ചു. വാളകം ഗ്ലോബൽ കോമ്പസ് സ്കൂൾ പ്രിൻസിപ്പൽ ഡോ.രഞ്ജിത്ത് അലക്സാണ്ടർ സമ്മാനദാനം നടത്തി.ശിശുദിനത്തിൽ ആരംഭിച്ച ഓൺലൈൻ മത്സരത്തിന്റെ തുടർച്ചയായാണ് രണ്ടാംഘട്ട മത്സരങ്ങൾ നടന്നത്. നാലു ഗ്രൂപ്പുകളായാണ് മത്സരം അരങ്ങേറിയത്.