മുട്ടം-കൊച്ചുപ്ലാമൂട് വഴി കൊല്ലം- തേനി ബൈപാസ് നിർമിക്കുന്നതിനെതിരേ പ്രതിഷേധം
1480511
Wednesday, November 20, 2024 6:19 AM IST
കുണ്ടറ: കൊല്ലം -തേനി ദേശീയ പാതക്ക് വേണ്ടി പടപ്പക്കര, മുട്ടം, കൊച്ചുപ്ലാമൂട്, കല്ലട പാടം വഴി ബൈപാസ് നിർമിച്ച് പ്രദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തിനെതിരെ സേവ് മുട്ടം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കിഴക്കേ കല്ലട മുട്ടത്ത് സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിന് പേർ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു.
യാതൊരു പാരിസ്ഥിതിക സാമൂഹിക പഠനവും നടത്താതെയാണ് പരിസ്ഥിതി ലോല പ്രദേശമായ മുട്ടത്ത് കൂടി 45 മീറ്റർ വീതിയിൽ ബൈപാസ് നിർമിക്കാനൊരുങ്ങുന്നത്. 2022 ൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭഫലമായി ബൈപാസ് നിർമിക്കുന്നില്ലെന്നും നിലവിലുള്ള ദേശീയ പാത വികസിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും അധികൃതർ ഉറപ്പ് നൽകിയിരുന്നു.
എന്നാൽ പെരിനാട് മുതൽ ചിറ്റുമല വരെയുള്ള സ്ഥലം ഏറ്റെടുപ്പ് പാതയോരത്തെ ചിലർ സ്വാധീനം ചെലുത്തി തടയുകയും രണ്ടും മൂന്നും സെന്റ് ഭൂമികളിൽ വീട് വച്ച് താമസിക്കുന്ന പാവപെട്ട പട്ടിക ജാതിക്കാരും മത്സ്യ തൊഴിലാളികളും മറ്റു പിന്നാക്ക ജാതിക്കാരും അധിവസിക്കുന്ന മുട്ടം പ്രദേശത്തേക്ക് ബൈപാസ് അടിച്ചേൽപ്പിക്കുകയാണെന്ന് ബൈപ്പാസ് ആക്ഷൻ കൗൺസിൽ ആരോപിച്ചു.
മൺട്രോ തുരുത്തു പഞ്ചായത്ത് ബൈപാസ് അതു വഴി വേണമെന്ന് ആവശ്യപ്പെട്ടിട്ടും ബൈപ്പാസ് നിർമ്മിക്കാനുള്ള ശ്രമം അധികൃതർ നടത്തുന്നില്ല.
ബൈപ്പാസ് നിർമ്മാണത്തിന്റെപേരിൽപാവങ്ങളെ കുടിയിറക്കാനായി സർവേ നടത്താൻ വന്നാൽ പ്രതിരോധിക്കുമെന്നും 22 ന് കളക്ടറുടെ അധ്യക്ഷതയിൽ നടക്കുന്ന മീറ്റിംഗിൽ മുട്ടത്തെ പാവപെട്ടവർക്ക് വിരുദ്ധമായി തീരുമാനം ഉണ്ടായാൽ അതി രൂക്ഷമായ സമരപരിപാടി കളുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. കൊച്ചപ്ലാമൂട്ടിൽ നടന്ന യോഗത്തിൽ സമിതി പ്രസിഡന്റ് അഡ്വ. എം. എസ്. സജികുമാർ അധ്യക്ഷത വഹിച്ചു. സമിതി കൺവീനറും വാർഡ് മെമ്പറുമായ ഷാജി മുട്ടം ഉദ്ഘാടനം ചെയ്തു. റിട്ട. അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ എം. എസ്. അനിൽ കുമാർ. ബിജെപി കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് കല്ലട കെ. എസ്. ദാസൻ,ആർ എസ് പി നേതാവ് പങ്കജാക്ഷനാചാരി, സിഎം പിനേതാവ് എഴിയിൽ സജീവ്, കല്ലട ഭാസി തുടങ്ങിയവർപ്രസംഗിച്ചു.