ചിന്നക്കട ഹെഡ് പോ സ്റ്റ് ഓഫീസ് മാർച്ചും ധർണയും
1480527
Wednesday, November 20, 2024 6:20 AM IST
കൊല്ലം : വയനാട് ദുരന്തം കേന്ദ്ര അവഗണനയ്ക്കെതിരെ സിപിഐ 21ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി പി .എസ് .സുപാൽ എംഎൽഎ അറിയിച്ചു.
വയനാട് ദുരന്തത്തെ തുടർന്ന് പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ച് സഹായം നൽകുമെന്ന് പറഞ്ഞിട്ടും കേന്ദ്രം കേരളത്തെ അവഗണിക്കുകയും മുണ്ടക്കൈ ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനോടൊപ്പം ദുരിതബാധിതർക്കുള്ള സഹായങ്ങളുടെ കാര്യത്തിലും കേന്ദ്രം മറുപടി നൽകിയിട്ടില്ല.ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റിൽ തന്നെ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു.
ദേശീയദുരന്തമായി പ്രഖ്യാപിച്ചിരുന്നുവെങ്കിൽ പുനരധിവാസ പ്രവർത്തനത്തിന് അന്താരാഷ്ട്ര ദേശീയ ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നും ദേശീയ ദുരന്തപ്രതികരണ നിധിയിൽ നിന്നും സഹായം ലഭിക്കുമായിരുന്നു. ഇതിലും ദുരന്ത വ്യാപ്തിയില്ലാത്ത സംഭവങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം നൽകാൻ കേന്ദ്ര സർക്കാർ മുമ്പ് തയാറായിട്ടുണ്ട്.
ലോക ജനതയെ ഞെട്ടിച്ച മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ സംഭവത്തോടും ബാധിതരെയും കേരളത്തെയും അവഗണിക്കുന്ന കേന്ദ്രസർക്കാർ സമീപനത്തിനെതിരെ സിപിഐ ശക്തമായ പ്രക്ഷോഭങ്ങൾക്ക് സംസ്ഥാനത്ത് നേതൃത്വം നൽകുവാൻ രംഗത്തിറങ്ങുകയാണ്. ഇതിന്റെ ഭാഗമായി നടക്കുന്ന കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും വിജയിപ്പിക്കുവാൻ ജില്ലാ സെക്രട്ടറി പി .എസ് .സുപാൽ എംഎൽഎ അഭ്യർഥിച്ചു.