കൂട്ട ബലാത്സംഗ കേസില്‍ ഒളിവില്‍ പോ യ ഒന്നാം പ്രതി 27 വര്‍ഷത്തിന് ശേഷം പിടിയില്‍
1480512
Wednesday, November 20, 2024 6:19 AM IST
അഞ്ചല്‍ : ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യുവതിയെ തട്ടികൊണ്ട് പോയി ഒരാഴ്ചയോളം തടവില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ പോയ ഒന്നാം പ്രതി പിടിയില്‍. വര്‍ക്കല റാത്തിക്കല്‍ ഇക്ബാല്‍ മന്‍സിലില്‍ ഇക്ബാല്‍ (48) ആണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്. 1997 ലായിരുന്നു സംഭവം.
അഞ്ചല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരിയായ 26 കാരിയെ കുളത്തൂപ്പുഴ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ കുളത്തൂപ്പുഴ വര്‍ക്കല റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന ഒരു സ്വകാര്യ ബസില്‍ തട്ടികൊണ്ട് പോവുകയും വര്‍ക്കലയില്‍ എത്തിച്ചു ലോഡ്ജുകളില്‍ ഉള്‍പ്പടെ തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിക്കുകയുമായിരുന്നു.
ബസുടമയുടെ മകനും ബസിലെ കണ്ടക്ടറുമായിരുന്നു പിടിയിലായ ഇക്ബാല്‍. യുവതിയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പോലീസ് ഇക്ബാല്‍ ഉള്‍പ്പടെയുള്ള പ്രതികളെ പിടികൂടിയിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. ഒളിവില്‍ പോയ പ്രതി എറണാകുളം ഉള്‍പ്പടെ വിവിധ ഇടങ്ങളില്‍ രഹസ്യമായി താമസിച്ച ശേഷം വിദേശത്തേക്ക് കടന്നു.
പലതവണ ഇക്ബാലിനെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇക്ബാല്‍ നാട്ടിലെത്തിയെന്ന് അറിഞ്ഞ പോലീസ് രഹസ്യനീക്കത്തിലൂടെ ഭാര്യ വീടായ പുനലൂര്‍ ഐക്കരകോണത്ത് നിന്നും പിടികൂടുകയായിരുന്നു.
അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ്, എസ്ഐ പ്രജീഷ്കുമാര് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അന്‍സര്‍, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കേസില്‍ പത്ത് പ്രതികളാണ് ഉണ്ടായിരുന്നത്. ഒളിവില്‍ പോയ പത്താം പ്രതിയെ ഏഴുമാസങ്ങള്‍ക്ക് മുമ്പ് അഞ്ചല്‍ പോലീസ് പിടികൂടിയിരുന്നു.