വേട്ടുതറയിലും ഇടപ്പള്ളിക്കോട്ടയിലും അടിപ്പാതകൾ ഒഴിവാക്കാനാവില്ല; ദേശീയപാത വികസനത്തിൽ ചർച്ച നടത്തി
1460190
Thursday, October 10, 2024 6:45 AM IST
കൊല്ലം: വേട്ടുതറയിലും ഇടപ്പള്ളിക്കോട്ടയിലും അടിപ്പാത വേണമെന്ന ആവശ്യം ദേശീയപാത അഥോറിറ്റിയുടെ പരിഗണനയിലാണെന്ന് ദേശീയപാത അഥോറിറ്റി വ്യക്തമാക്കി.
സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകള്‍ കൂടി കണക്കിലെടുത്ത് അന്തിമ തീരുമാനം കൈക്കൊളളുമെന്ന് ദേശീയപാത അഥോറിറ്റി അധികൃതര്‍ ഉറപ്പ് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
ലോക്സഭാ മണ്ഡലത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എംപി ദേശീയപാത അഥോറിറ്റി ഓഫ് ഇന്‍ഡ്യ ചെയര്മാന് സന്തോഷ് കുമാര്‍ യാദവ്, മെമ്പര്‍ വെങ്കിടരമണ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഡല്‍ഹിയില്‍ ചര്‍ച്ചയിലാണ് ഉറപ്പ് നൽകിയത്.
ബ്ലാക്ക് സ്പോട്ടായ വാളക്കോട് പാലം ഇരുവശവും റെയില്‍വേ നിര്‍മിച്ചിട്ടുളള മേല്‍പ്പാലത്തിനു മുകളില്‍ കൂടി ദേശീയപാത വീതി കൂട്ടി ഗതാഗതം സുഗമമാക്കാനുളള നടപടി സ്വീകരിക്കുക, ദേശീയപാത 744 ഉം ദേശീയപാത 183 ഉം ബന്ധിപ്പിക്കുന്ന ഇളമ്പളളൂര്‍ റെയില്‍വേ ക്രോസ് നിര്‍മാണത്തിന്റെ പൂര്‍ണമായ ചെലവ് ദേശീയപാത അഥോറിറ്റി ഓഫ് ഇന്‍ഡ്യ ഏറ്റെടുക്കുക, ദേശീയപാത 744 ലെ അപകടങ്ങളും ഗതാഗത കുരുക്കും ഒഴിവാക്കാന്‍ മുക്കട റെയില്‍വേ മേല്‍പ്പാല നിര്‍മാണം ദേശീയപാത അഥോറിറ്റി ഏറ്റെടുക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
നിരന്തരം അപകടം നടന്ന് നിരവധി പേര്‍ക്ക് പരിക്ക് ഏല്ക്കുകയും ജീവഹാനി സംഭവിക്കുകയും ചെയ്യുന്ന വാളക്കോട് റെയില്‍വേ മേല്‍പ്പാലത്തിലൂടെ വീതി കൂടിയ റോഡ് നിര്‍മിക്കേണ്ടതിന്റെ ആവശ്യകത യോഗത്തെ ധരിപ്പിച്ചു.
പാലത്തിന്റെ വീതി കുറവ് കൊണ്ട് സമീപത്ത് ഉണ്ടാകുന്ന അപകടങ്ങളുടെ സ്ഥിതിവിവര കണക്കുകള്‍ ഹാജരാക്കിയാണ് നിര്‍മാണ പ്രവൃത്തി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. ദേശീയപാത അഥോറിറ്റി ചെയര്‍മാനോ മെമ്പറോ അടങ്ങുന്ന ഉന്നതസംഘമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ സ്ഥലം സന്ദര്‍ശിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. വാളക്കോട് പാലം പ്രത്യേക പരിഗണന നല്കി പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇളമ്പളളൂര്‍, മൂക്കട റെയില്‍വേ മേല്‍പ്പാലങ്ങള്‍ ദേശീയപാതയ്ക്ക് കുറുകെയുളള ലെവല്‍ക്രോസ് നീക്കം ചെയ്തുളള മേല്‍പ്പാലങ്ങള്‍ അല്ലാത്തതിനാല്‍ നിലവിലുളള മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയപാത അഥോറിറ്റിയുടെ പരിധിക്കുളളില്‍ വരുന്നതല്ലെങ്കിലും പ്രദേശത്തിന്റെ പ്രത്യേകതയും ബ്ലാക്ക് സ്പോട്ട് പരിഗണനയും നല്കി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ട് മേല്‍പ്പാലങ്ങള്‍ക്കും റെയില്‍വേ അനുമതി നല്കിയിട്ടുളള സാഹചര്യത്തില്‍ നിലവില്‍ മേല്‍പ്പാലനിര്‍മാണത്തിന് റെയില്‍വേയും സംസ്ഥാന ഗവണ്മെന്റും തമ്മിലുളള ധാരണ പ്രകാരം മേല്‍പ്പാലത്തിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിലവിലെ പരിശോധനകള്‍ ഒരു കാരണവശാലും തടസമല്ലെന്നും മേല്‍പ്പാല നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ തുടരുന്നതാണ് ഉചിതമെന്നും കേരളത്തിന്റെ ചുമതലയുളള ദേശീയപാത അതോറിറ്റി മെമ്പര്‍ അഭിപ്രായപ്പെട്ടു.
ദേശീയപാത 66 ലെ ഇടപ്പളളിക്കോട്ട വേട്ടുതറ അടിപ്പാതകള്ഒഴിവാക്കാന് കഴിയുന്നതല്ലെന്നും എംപി അധികൃതരെ ധരിപ്പിച്ചു.