കുവൈറ്റ് തീപിടിത്തം: സങ്കടകടലായി നരിയ്ക്കൽ ഗ്രാമം
Friday, June 14, 2024 12:01 AM IST
പു​ന​ലൂ​ർ: കുവൈറ്റ് ദുരന്തത്തിന്‍റെ ഞെട്ടൽ മാറാതെ സങ്കട കടലായി നരിയ്ക്കൽ ഗ്രാമം. ന​രി​ക്ക​ൽ വാ​ഴ​വി​ള സാ​ജ​ൻ വി​ല്ല​യി​ലേ​യ്ക്ക് ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. നാ​ട്ടു​കാ​രും പൊ​തു പ്ര​വ​ർ​ത്ത​ക​രും ബ​ന്ധു​ക്ക​ളു​മെ​ല്ലാം ആ ​കു​ടും​ബ​ത്തി​ന്‍റെ ദു:​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​കയാണ്.

പ്ര​തീ​ക്ഷ​ക​ളോ​ടെ വി​ദേ​ശ​ത്തെ​ത്തി​യ യു​വാ​വി​ന്‍റെ ദാ​രു​ണാ​ന്ത്യ​ത്തി​ൽ ന​രി​ക്ക​ൽ ഗ്രാ​മം ഞെ​ട്ടി​ത്ത​രി​ച്ചു നി​ൽ​ക്കു​ക​യാ​ണ്. കേ​ട്ട വാ​ർ​ത്ത സ​ത്യ​മാ​ക​രു​തേ​യെ​ന്ന പ്രാ​ർ​ഥന​യി​ലാ​യി​രു​ന്നു കു​ടും​ബം. ന​രി​ക്ക​ൽ സാ​ജ​ൻ വി​ല്ല​യി​ൽ സാ​ജ​ൻ ജോ​ർ​ജ് (29 ) കു​വൈ​റ്റി​ൽ എ​ത്തി​യി​ട്ട് ഒ​രു മാ​സമാ​കു​ന്ന​തേ​യു​ള്ളു. പ്ര​വാ​സ ജീ​വി​തം സ്വ​പ്നം ക​ണ്ട യു​വാ​വ് ഒ​ടു​വി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ ഒ​രു കു​ടും​ബ​വും സ്വ​ന്തം നാ​ടു​മെ​ല്ലാം തീ​രാ ദു:​ഖ​ത്തി​ലാ​യി.

അ​പ​ക​ട​ത്തി​നു ശേ​ഷം ഇ​ന്ത്യ​ൻ എം​ബ​സി പു​റ​ത്തു​വി​ട്ട പേ​രു​ക​ളി​ൽ സാ​ജ​ന്‍റെ പേ​രും ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷെ ഏ​റെ വൈ​കി​യാ​ണ് സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യ​ത്. എം ​ടെ​ക്കി​ൽ ബി​രു​ദം നേ​ടി​യ സാ​ജ​ൻ അ​ടൂ​രി​ലെ ഒ​രു സ്വ​കാ​ര്യ കോ​ളജി​ൽ അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ പോ​സ്റ്റ് ഓ​ഫീ​സി​ലും താ​ൽ​ക്കാ​ലി​ക​മാ​യി ജോ​ലി ചെ​യ്തു. അ​ങ്ങ​നെ​യി​രി​യ്ക്കെ കു​വൈ​റ്റി​ൽ ജോ​ലി ശ​രി​യാ​യി. ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്ത് ന​ന്നാ​യി ജീ​വി​യ്ക്ക​ണ​മെ​ന്ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു യു​വാ​വി​ന്. സാ​ധാ​ര​ണ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ സാ​ജ​ന് നാ​ട്ടി​ൽ ഒ​രു​പാ​ട് സൗ​ഹൃ​ദ​ങ്ങ​ളു​ണ്ട്.

ഇ​ന്ന​ലെ രാ​ത്രി മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​തോ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ വീ​ട്ടി​ലെ​ത്തി. അ​ല​മു​റ​യി​ട്ടു ക​ര​യു​ന്ന മാ​താ​പി​താ​ക്ക​ളേ​യും ബ​ന്ധു​ക്ക​ളെ​യും ആ​ശ്വ​സി​പ്പി​യ്ക്കാ​ൻ എത്തിയവർ ഏ​റെ പാ​ടു​പെ​ട്ടു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തു​ന്ന​തും കാ​ത്തി​രി​യ്ക്കു​ക​യാ​ണ് കു​ടും​ബം. പി​താ​വ് ജോ​ർ​ജ് പോ​ത്ത​ന്‍റേയും മാ​താ​വ് വ​ത്സ​മ്മ​യുടേയും ദുഖം കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തുകയാണ്. സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ പി​റ​ന്ന മാ​താ​പി​താ​ക്ക​ൾ​ക്ക് ഏ​ക മ​ക​നി​ലാ​യി​രു​ന്നു പ്ര​തീ​ക്ഷ. മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും ചി​ഞ്ചു​റാ​ണി​യും വീ​ട്ടി​ലെ​ത്തി കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ച്ചു. പി. ​എ​സ്. സു​പാ​ൽ എംഎ​ൽഎ​യും മു​ൻ മ​ന്ത്രി കെ.​രാ​ജു​വും വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ചു.