കാറിൽ കടത്തിയ 24 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
1430026
Tuesday, June 18, 2024 10:15 PM IST
ചാത്തന്നൂർ: കാറിൽ കടത്തുകയായിരുന്ന 24 കിലോ കഞ്ചാവുമായി രണ്ടു പേരെ സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് ആന്റ് നാർക്കോട്ടിക് സെൽ സ്ക്വാഡ് പിടികൂടി. പാരിപ്പള്ളിയ്ക്കടുത്ത് മുക്കടയിൽ ആണ് തിങ്കളാഴ്ച രാവിലെ കാർ തടഞ്ഞ് കഞ്ചാവ് കടത്തുകാരെ അറസ്റ്റ് ചെയ്തത്.
പാരിപ്പള്ളി കോട്ടയ്ക്കേറം ചിത്രാലയത്തിൽ ബാബ എന്ന് വിളിക്കുന്ന വിഷ്ണുനാഥ് (30), പോലീസ് കാപ്പ ചുമത്തിയിട്ടുള്ള നിരവധി കേസുകളിലെ പ്രതിയായ കല്ലുവാതുക്കൽ മേഖനക്കോണം അഴകത്ത് വീട്ടിൽ അനീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. വിശാഖപട്ടണത്തിൽ നിന്നും കൊണ്ടുവന്നതാണ് കഞ്ചാവ്. രണ്ട് കിലോ വീതം പായ്ക്കറ്റുകളിലാക്കിയ നിലയിലായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനാണ് ചെറു പായ്ക്കറ്റുകളിലാക്കി കൊണ്ടുവന്നത്.
കഞ്ചാവ് കടത്ത് കേസിൽ വിഷ്ണുവിനെ വിശാഖപട്ടണം പോലീസ് അറസ്റ്റ് ചെയ്യുകയും ഏഴ് മാസം അവിടെ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു. ഹരിയാന രജിസ്ട്രേഷനുള്ള കാറിൽ അഭിഭാഷകരുടെ എംബ്ലം പതിപ്പിച്ചാണ് കഞ്ചാവ് കടത്തിന് ഉപയോഗിച്ചത്.
പ്രതികളെ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ എക്സൈസ് ഓഫീസിൽ എത്തിച്ച് നിയമനടപടികൾ സ്വീകരിച്ചു.