കൊല്ലം : ഗ്രാമീണ ഗ്രന്ഥശാലകൾ പുസ്തകങ്ങളുടെ ശവപ്പറമ്പായി മാറിയതായി മുൻ നിയമസഭാ സ്പീക്കർ വി .എം. സുധീരൻ അഭിപ്രായപ്പെട്ടു ജില്ലാതല വായന ദിനാചരണ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വായന വിപ്ലവത്തിന് വേണ്ടി നടന്ന ഒറ്റയാൾ പോരാട്ടമാണ് പി എൻ പണിക്കർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു .
കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ്,ജൻ ശിക്ഷൻ സൻസ്ഥാൻ, വേൾഡ് മലയാളി കൗൺസിൽ,കാൻഫെഡ്, എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശി അധ്യക്ഷത വഹിച്ചു. ഡോ.പുനലൂർ സോമരാജൻ പി .എൻ. പണിക്കർ അനുസ്മരണം നടത്തി. എസ്. സുധീശൻ വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .
ദേശീയ അധ്യാപക അവാർഡ് ജേതാവ് എൻ .ഗോപാലകൃഷ്ണപിള്ള ഗുരുവന്ദനം നടത്തി.ഡോ. സി.രാജശേഖരൻ പിള്ള, അഡ്വ. എസ് ലീല, ഡോ. രാഗിണി, സൂരജ് രവി, ഉഷറാണി, ആർ. ശ്രീജ, രശ്മി എന്നിവർ പ്രസംഗിച്ചു.
കൊല്ലം വായനാദിനത്തിൽ അമൃതുകുളം മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ. എൽപി സ്കൂളിലെ കുട്ടികൾ ക്ലാസ് മുറിയിൽ "പുസ്തകത്തോട്ടം" നിർമിച്ചു. വായനയോടുള്ള താൽപ്പര്യം വർധിപ്പിക്കുന്നതിനും വേറിട്ടൊരനുഭവം നൽകുന്നതിനുമാണ് തോട്ടം നിർമിച്ചത്. തോട്ടത്തിലെ മരങ്ങളിൽ നിന്നും കുട്ടികൾക്ക് പുസ്തകങ്ങൾ സ്വയം എടുത്ത് വായിക്കുന്നതിനും തിരികെ വയ്ക്കുന്നതിനും കഴിയും.
വായനാദിന പ്രവർത്തനങ്ങൾ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജ് റിട്ടയേർഡ് പ്രിൻസിപ്പൽ മുല്ലമുറ്റത്ത് ഡോ. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. അമൃതുകുളങ്ങര റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ. പ്രസന്നകുമാർ വായനാദിന സന്ദേശം നൽകി. ദിനാചരണ ഭാഗമായി കുട്ടികൾ വായനാദിന പ്രതിജ്ഞയെടുത്തു. മുണ്ടയ്ക്കൽ കുമാരനാശാൻ മെമ്മോറിയൽ ലൈബ്രറി സന്ദർശിച്ചു. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി. സോമനാഥൻ, ലൈബ്രറി സെക്രട്ടറി ജി. സുന്ദരൻ എന്നിവരുമായി അഭിമുഖം നടത്തി. വായനാമത്സരം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു. പ്രഥമാധ്യാപിക കെ. നാജിയത്ത് സ്വാഗതവും ഡി. ഡിക്സൺ നന്ദിയും പറഞ്ഞു. മുൻ കൗൺസിലർ ഗിരിജാ സുന്ദരൻ അധ്യാപകരായ എസ്. സുമിന, ഗ്രേസ്മൈക്കിൾ എന്നിവർ പ്രസംഗിച്ചു. ജി .നായർ, പി .ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കൊല്ലം വായനദിനത്തോടനുബന്ധിച്ച് ഇരവിപുരം സെന്റ് ജോൺസ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ പുസ്തകക്കൂട് പദ്ധതി ഫാത്തിമ മാത കോളജ് മലയാളവിഭാഗം അസിസ്റ്റന്റ് പ്രഫ.ഡോ പെട്രീഷ്യ ജോൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ . ഡി അധ്യക്ഷത വഹിച്ച ചടങ്ങിൽമാധ്യമപ്രവർത്തകൻ ആർ. അരുൺ രാജ് മുഖ്യാതിഥിയായിരുന്നു.
ഇരവിപുരം സെന്റ് ജോൺസിലെ വിദ്യാർഥികൾ ശേഖരിച്ച വായന പുസ്തകങ്ങൾ സേക്രട്ട് ഹാർട്ട് എൽപി സ്കൂളിലെ കുട്ടികളുടെ ല്രൈബറിലേക്ക് സംഭാവന നൽകി.
സേക്രട്ട് ഹാർട്ട് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധ്യ പുസ്തകങ്ങൾ ഏറ്റുവാങ്ങി. അധ്യാപക പ്രതിനിധികളായ കിരൺ ക്രിസ്റ്റഫർ ,അജി.സി .ഏയ്ഞ്ചൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുസ്തക പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
കുളത്തൂപ്പുഴ : ബി എം ജി ഹൈസ്കൂൾ വായനവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലൈല ബീവി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഷാജുമോൻ കെ .അധ്യക്ഷത വഹിച്ച യോഗത്തിൽ പിടി എ പ്രസിഡന്റ് ഷൈജു ഷാഹുൽ, ലോക്കൽ മാനേജർ ഫാ .മാത്യു ചരിവുകാലായിൽ, പി ടി എ അംഗങ്ങളായ സാനു ജോർജ്, സന്ധ്യ, വിദ്യാർഥി പ്രതിനിധികളായ കല്യാണി, അലീഷ , ഹന്ന, സനാ റയ്ച്ചൽ എന്നിവർ പ്രസംഗിച്ചു.
ന്യൂസ് ഹണ്ട് പദ്ധതി സുനിൽ ടി .തോമസ് വിശദീകരിച്ചു. കുട്ടികൾ അവതരിപ്പിച്ച പി .എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം, കാവ്യകേളി, കാവ്യാലാപനം, ക്വിസ് മത്സരം ,ലഘുനാടകം എന്നിവ ചടങ്ങ് മോടിയാക്കി. അധ്യാപകരായ സുജ ഡി, സജയകുമാർ, അനിതാ തോമസ്, സ്റ്റെല്ല തോമസ്, ലിജി, ടി.എസ്. അപർണ എന്നിവർ നേതൃത്വം നൽകി.
കൊട്ടാരക്കര : പൊലിക്കോട് വിളയിൽ വീട്ടിൽ റിട്ട:ഹെഡ്മാസ്റ്റർ കെ.രാജന്റെ പുസ്തകപ്പുര വായനദിനത്തിലും സജീവം.മെയ് രണ്ടാം വാരം തുടക്കം കുറിച്ച പുസ്തകപുര പുസ്തക പ്രേമികളും ഗവേഷകരും വിദ്യാർഥികളും ഉൾപ്പെടെ സമൂഹത്തിലെ സമസ്ത മേഖലകളിലെ ഒട്ടനവധി പേരാണ് സന്ദർശിച്ചത്.
വായന അന്യം നിൽക്കുമ്പോൾ പുതുതലമുറയെ വായനലോകത്തേക്ക് ആകർഷിക്കുവാൻ സ്വയം പരിശീലനം നേടിയ ലൈബ്രേറിയനായി രാജൻ മാഷ് പ്രവർത്തിക്കുന്നു. റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 4000-ലധികം പുസ്തകങ്ങൾ പുസ്തകപ്പുരയിലെ തടി അലമാരകളിൽ വൃത്തിയായി അടുക്കി വച്ചിരിക്കുന്നു.
കോളേജ് പഠനകാലത്ത് ലഭിച്ച പോക്കറ്റ് മണിയും കുട്ടികൾക്ക് ട്യൂഷൻ എടുത്ത ലഭിച്ച തുക ഉൾപ്പെടെ ചിലവഴിച്ചു വാങ്ങിയ പുസ്തകങ്ങൾ അമൂല്യനിധി പോലെ ഇന്നും സൂക്ഷിച്ചത് ഭാവിതലമുറയ്ക്ക് മുതൽക്കൂട്ടായി .പുതിയ വീട് പണിതപ്പോൾ പഴയ തന്റെ തറവാട് വീട് പുതുക്കി ഒരു ഹോം ലൈബ്രറിയാക്കി മാറ്റുന്നതിനെക്കുറിച്ച് ഈ പുസ്തക പ്രേമിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
ബാലസാഹിത്യം തുടങ്ങി നോവലുകൾ, കവിതകൾ വരെയുള്ള മലയാളം പുസ്തകങ്ങളുടെ വിപുലമായ ശ്രേണിയാണ് ഹോം ലൈബ്രറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഴയ പാഠപുസ്തകങ്ങൾ, വ്യാകരണ പുസ്തകങ്ങൾ, നിയമ പുസ്തകങ്ങൾ, ശാസ്ത്രകേരളം പോലുള്ള ആനുകാലികങ്ങളും ലഭ്യമാണ്.
സ്കൂൾ, കോളേജ് തല പരീക്ഷകൾ, യുപിഎസ്സി പരീക്ഷകൾ, പ്രസംഗമത്സരങ്ങൾ എന്നിവയ്ക്കായി ലൈബ്രറിയിൽ വലിയൊരു ശേഖരവും ഉണ്ട്. ഒഴിവുസമയങ്ങളിൽ രാജൻ മാഷ് വിവിധ മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നുണ്ട്.
ലളിതം വ്യാകരണം എന്ന പേരിൽ വ്യാകരണ പാഠങ്ങളും കമനീയാക്ഷരം എന്ന മലയാളം,ഇംഗ്ലീഷ് ഭാഷകൾ കയ്യെഴുത്തും പരിശീലിപ്പിക്കുന്നു.
കുട്ടികളുടെ സഹായത്തോടെ ഒരു യൂട്യൂബ് ചാനലും സ്ഥാപിച്ചിട്ടുണ്ട്. പന്മന രാമചന്ദ്രൻ നായർ, ഡി. വിനയചന്ദ്രൻ, ദേശമംഗലം രാമകൃഷ്ണൻ, നടുവട്ടം ഗോപാലകൃഷ്ണൻ എന്നിവരുൾപ്പെടെയുള്ള അധ്യാപകർ എഴുതിയ പുസ്തകങ്ങളാണ് അദ്ദേഹത്തിന് ഏറെ പ്രിയമുള്ളത്.
വ്യാകരണ ഗ്രന്ഥങ്ങളും പ്രശസ്ത എഴുത്തുകാരായ സി.വി.രാമൻ പിള്ള, തകഴി ശിവശങ്കരപ്പിള്ള, ടി. പത്മനാഭൻ, എം.മുകുന്ദൻ, സുഗതകുമാരി, ഒ എൻ വി കുറുപ്പ്, ഇടശ്ശേരി ഗോവിന്ദൻ നായർ, വൈലോപ്പിള്ളി ശ്രീധരമേനോൻ തുടങ്ങിയവരുടെ എല്ലാ പുസ്തകങ്ങളും ശേഖരത്തിൽ ഉണ്ട്. വിദ്യാർഥികൾക്ക് മാത്രമല്ല, എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ഹോം ലൈബ്രറിയെ പ്രിയപ്പെട്ടതാക്കി പുസ്തകപ്പുര വായന പക്ഷാചരണ പരിപാടികളുമായി ജൈത്രയാത്ര തുടരുന്നു.
ആര്യങ്കാവ് : ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിൽ വായന ദിനാഘോഷ ഭാഗമായി അക്ഷരവൃക്ഷം പൂത്തുലഞ്ഞു. വിവിധ സാഹിത്യകാരന്മാരുടെ രചനകൾ ഫലങ്ങളുടെ ആകൃതിയിൽ അക്ഷരവൃക്ഷത്തിൽ പതിച്ചത് കൗതുകമായി. വായന ദിനാഘോഷ ഭാഗമായി വായന മരിക്കുന്നില്ല എന്ന പ്രഖ്യാപനവുമായി വായന നടത്തവും നടത്തി. യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഷാനിൽ ജോസഫ് വായനദിനാചരണം ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളായ ശിവനന്ദനും ജേക്കബും ചേർന്ന് പി. എൻ പണിക്കർ അനുസ്മരണവും അമന്റാ ഷിബു വായന ദിന സന്ദേശവും നൽകി. അഹല്യ , ആഷ്ന, നസ്രിയ ഫാത്തിമ, ശിവേന്ദു , നിയാ അജോ എന്നിവർ പ്രസംഗിച്ചു.
പരിപാടികൾക്ക് അധ്യാപകരായ സോഫിയ മരിയ ജോസഫ്, കാഞ്ചന റോസ് മാത്യു, സി. ഷീനാ ആന്റണി തുടങ്ങിയർ നേതൃത്വം നൽകി.