കുളത്തുപ്പുഴയില്‍ മ്ലാവിനെ വേട്ടയാടി ഇറച്ചിയാക്കി കടത്തി: നാലുപേര്‍ പിടിയില്‍
1337062
Wednesday, September 20, 2023 11:57 PM IST
അഞ്ചല്‍ : കുളത്തുപ്പുഴയില്‍ മ്ലാവിനെ വേട്ടയാടി ഇറച്ചിയാക്കി കടത്തിയ കേസില്‍ നാലുപേര്‍ വനപാലകരുടെ പിടിയിലായി. കുളത്തുപ്പുഴ തലപ്പച്ച ചാമവിള പുത്തന്‍വീട്ടില്‍ തലപ്പച്ച ബിജു എന്ന തോമസ് ബേബി (41), കണ്ടന്‍ചിറ അനില്‍ മന്ദിരത്തില്‍ ഷിബിന്‍ (32), കടമാന്കൊട് വിളയിലഴികത്ത് വീട്ടില്‍ ബേബി എന്ന് വിളിക്കുന്ന ബിംബിസാരന് നായര്‍ (41), മൈലമൂട് മംഗലത്ത് പുത്തന്‍വീട്ടില്‍ ഷൈജു (46) എന്നിവരാണ് അഞ്ചല്‍ റേഞ്ച് വനപാലകരുടെ പിടിയിലായത്.
ഇക്കഴിഞ്ഞ ജൂണ്‍ 11ന് വനം വകുപ്പ് അഞ്ചല്‍ റേഞ്ചില്‍ ഉള്‍പ്പെടുന്ന കുളത്തുപ്പുഴ കണ്ടന്‍ചിറ ഒയില്പാം എസ്റ്റേറ്റിനുള്ളില്‍ നിന്നുമാണ് തലപ്പച്ച ബിജുവിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം മ്ലാവിനെ വേട്ടയാടി ഇറച്ചിയാക്കി കടത്തുകയും നിരവധി ആളുകള്‍ക്ക് വില്പന നടത്തുകയും ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത വനപാലകര്‍ കഴിഞ്ഞ ദിവസമാണ് പ്രതികളെ പിടികൂടുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഓയില്‍പാം എസ്റ്റേറ്റില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇറച്ചി ശേഖരിച്ച ശേഷം ഉപേക്ഷിച്ച മ്ലാവിന്റെ കൊമ്പ്, എല്ലുകള്‍ അടക്കമുള്ള അവശിഷ്ടങ്ങളും ആയുധങ്ങളും വനപാലകര്‍ കണ്ടെടുത്തു. ഇറച്ചി കടത്തിയ രണ്ടു സ്കൂട്ടര്‍ ഒരു ബൈക്ക്, ഓട്ടോറിക്ഷ ഉള്‍പ്പടെ നാലുവാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വനം കുറ്റകൃത്യങ്ങള്‍ ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ തലപ്പച്ച ബിജുവാണ് കേസിലെ മുഖ്യ സൂത്രധാരന്‍ എന്നും കേസില്‍ ഇറച്ചി വാങ്ങിയവര്‍ ഉള്‍പ്പടെ കൂടുതല്‍ ആളുകള്‍ കുടുങ്ങുമെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ റ്റി.എസ് സജു പറഞ്ഞു.
പ്രതികളില്‍ ഒരാളായ ഷിബിന്‍ മുമ്പ് ചാരായം വാറ്റുകേസിലെ പ്രതിയാണ്. റേഞ്ച് ഓഫീസറെ കൂടാതെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അനില്‍കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ലിജു താജുദീന്, ബിന്ദു, ഉല്ലാസ്, അഭിലാഷ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബിനില്‍, അനു, അഭിലാഷ്, ആഷ്ന, വാച്ചര്‍ പ്രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. തെളിവെടുപ്പുകള്‍ക്കും വൈദ്യ പരിശോധനകളും പൂര്‍ത്തിയാക്കിയ പ്രതികളെ പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.