തളിപ്പറമ്പിൽ ബസിൽ വച്ച് ലോട്ടറി തൊഴിലാളിയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമം
1467785
Saturday, November 9, 2024 7:24 AM IST
തളിപ്പറമ്പ്: ബസിൽ വച്ച് ലോട്ടറി തൊഴിലാളിയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമം. മൂർച്ചയുള്ള ആയുധം കൊണ്ട് ഇടത് കൈ മുറിഞ്ഞ് പരിക്കേറ്റ തളിപ്പറമ്പിലെ ടൈലറും ലോട്ടറി തൊഴിലാളിയുമായ മുള്ളൂൽ സ്വദേശി യു.വി. ഭരതൻ (64) തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. തളിപ്പറമ്പ് ആലക്കോട് ബസിൽ കഴിഞ്ഞദിവസം രാവിലെ 6.20നും 6.35നും ഇടയിലാണ് സംഭവം.
ചിറവക്കിൽ നിന്നും ബസിൽ കയറിയ ഭരതന്റെ കൈയിയുണ്ടായിരുന്ന ബാഗ് കീറി പണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് മോഷ്ടാവ് ഉപയോഗിച്ച മൂർച്ചയുള്ള ബ്ലേഡ് പോലെയുള്ള ആയുധം കൊണ്ട് ഭരതന്റെ കൈ മുറിഞ്ഞത്. രക്തം കണ്ട് എന്ത് സംഭവിച്ചു എന്നറിയാതെ അന്താളിച്ചു പോയ ഭരതൻ ഉടൻ ബസിൽ നിന്ന് ഇറങ്ങുകയും ചികിത്സ തേടുകയുമായിരുന്നു തുടർന്ന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.