കെഎസ്ആർടിസിയിലെ ശമ്പള മുടക്കം; ടിഡിഎഫ് പ്രതിഷേധ സത്യഗ്രഹം നടത്തി
1467772
Saturday, November 9, 2024 7:24 AM IST
കണ്ണൂർ: എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നല്കുമെന്ന മുഖ്യമന്ത്രിയുടെയും, വകുപ്പു മന്ത്രിയുടെയും ഉറപ്പ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ടിഡിഎഫ് പ്രതിഷേധ സത്യഗ്രഹ സമരം നടത്തി. കെഎസ്ആർടിസി ജില്ലാ ഓഫീസിനു മുന്നിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
ശമ്പളം കൃത്യമായി നൽകുക, ഡിഎ കുടിശിക അനുവദിക്കുക,16 ഫിസിക്കൽ ഡ്യൂട്ടി നിബന്ധന പിൻവലിക്കുക, കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങി നൽകുക, പുതിയ നിയമനങ്ങൾ പിഎസ്സി വഴി നടത്തുക, രാഷ്ട്രീയപരമായ പകപോക്കൽ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
രജീഷ് പൂക്കണ്ടി അധ്യക്ഷത വഹിച്ചു. എ.എൻ. രാജേഷ്, പി.എം. പ്രതീഷ്കുമാർ, ഷാജി കോമത്ത്, ജയൻ കോത്തിരി, എം. ഹാഷിം, രാജു ചാത്തോത്ത്, ടി.കെ. പവിത്രൻ എന്നിവർ പ്രസംഗിച്ചു.