മഞ്ചേശ്വരം കാന്പസിലെ എൽഎൽബി അധ്യാപകനെ പിരിച്ചുവിട്ടു
1467542
Friday, November 8, 2024 8:17 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം തയാറാക്കിയ അധ്യാപകനെ പിരിച്ചു വിട്ടു. കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള മഞ്ചേശ്വരം കാന്പസിലെ എൽഎൽബി അസി.പ്രഫസറായ എറണാകുളം കോലഞ്ചേരി സ്വദേശി ഷെറിൻ സി.എബ്രാഹത്തെയാണ് പിരിച്ചുവിട്ടത്. രണ്ടുവർഷമായി മഞ്ചേശ്വരം കാന്പസിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു.
ഒക്ടോബർ 28 നായിരുന്നു മൂന്നാം സെമസ്റ്റർ എൽഎൽബി കോഴ്സിന്റെ ഭാഗമായുള്ള ഇന്റേണൽ പരീക്ഷ നടന്നത്. ഹ്യൂമൻ റൈറ്റ്സ് ലോ ആൻഡ് പ്രാക്ടീസ് എന്ന പരീക്ഷയുടെ പാർട്ട് ബിയിലെ ചോദ്യമാണ് നവീൻ ബാബുവിനെക്കുറിച്ചായത്. നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉള്ളത് ചൂണ്ടികാണിക്കുവാനും അത് മനുഷ്യാവകാശപരമായ വശങ്ങളിലൂടെ എഴുതുവാനുമായിരുന്നു ചോദ്യത്തിൽ പറഞ്ഞിരുന്നത്.
എന്നാൽ, ഉച്ചക്ക് ഒന്നോടെ ആരംഭിച്ച പരീക്ഷയിൽ 1.45 ആയിരുന്നപ്പോൾ ഇടതുപക്ഷസംഘടനയിൽപ്പെട്ട വിദ്യാർഥി ചോദ്യത്തിനെതിരേ പ്രതിഷേധിച്ചു. തുടർന്ന്, ചോദ്യവുമായി ബന്ധപ്പെട്ട് എച്ച്ഒഡിക്കും കണ്ണൂർ സർവകലാശാല അധികൃതർക്കും വിദ്യാർഥികളിൽ ചിലർ പരാതി നല്കുകയായിരുന്നു.
അധ്യാപകനോട് വിശദീകരണം പോലും ചോദിക്കാതെ ഇക്കഴിഞ്ഞ മൂന്നിന് ഇനി ജോലി ചെയ്യാൻ വരേണ്ടതില്ലെന്ന് ഫോണിലൂടെ കോളജ് അധികൃതർ ഷെറിനെ അറിയിക്കുകയായിരുന്നു.
എന്നാൽ, സമകാലിക പ്രസക്തിയുള്ള ഒരു വിഷയം കുട്ടികൾക്ക് ചോദ്യമായി നല്കിയതല്ലാതെ യാതൊരുവിധ രാഷ്ട്രീയവും ഉദ്ദേശിച്ചിട്ടില്ലെന്ന് അധ്യാപകനായ ഷെറിൻ സി. അബ്രാഹം പറഞ്ഞു.
പ്രതിഷേധിച്ചു
കണ്ണൂർ: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ക്യാമ്പസ് ഡയറക്ടർ ഷീന ഷുക്കൂറിനെയും സർവകലാശാല ഇടതുപക്ഷ അധികാര ലോബിയെയും വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു എന്നതിന്റെ തെളിവാണിത് അധ്യാപകനെ പുറത്താക്കിയതെന്ന് കണ്ണൂർ സർവകലാശാല സെനറ്റേഴ്സ് ഫോറം കൺവീനർ ഡോ. ഷിനോ പി ജോസ്. ഇത് പ്രതിഷേധകരമാണ്.
കേരളത്തിലെ അക്കാദമിക് സമൂഹം പുറത്താക്കപ്പെട്ട അധ്യാപകന്റെ കൂടെയാണ്. വൈസ് ചാൻസലറെ സെനറ്റേഴ്സ് ഫോറം പ്രതിഷേധം അറിയിച്ചു.