ക്ഷേത്ര-കാവ് ഭാരവാഹികളുടെ യോഗം ചേർന്നു
1467536
Friday, November 8, 2024 8:17 AM IST
ഇരിട്ടി: നഗരസഭ പരിധിയിൽ നടത്തപ്പെടുന്ന എല്ലാ ക്ഷേത്രം, കാവ് ഉത്സവങ്ങളും ഹരിത പെരുമാറ്റച്ചട്ടം പ്രകാരവും അപകടരഹിതമായ രീതിയിലും നടത്തുന്നതിന് നഗരസഭാ പരിധിയിലെ ക്ഷേത്ര - കാവ് ഭാരവാഹികളുടെ യോഗത്തിൽ തീരുമാനിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
നഗരസഭ പരിധിയിലെ എല്ലാം ഉത്സവങ്ങളെ സംബന്ധിച്ചും രേഖാമൂലം നഗരസഭയിൽ രജിസ്ട്രർ ചെയ്ത് അനുമതി നേടേണ്ടതാണ്. ശാസ്ത്രീയമായി ജൈവ - അജൈവ മാലിന്യ സംസ്ക്കരണവും, പേപ്പർ പ്ലയിറ്റ്, ഗ്ലാസ് തുടങ്ങിയ നിരോധിത ഉല്പന്നങ്ങൾ ഉത്സവ സ്ഥലങ്ങളിൽ ഉപയോഗിക്കുകയില്ലെന്നും ഭാരവാഹികൾ ഉറപ്പ് വരുത്തണം. മാലിന്യ മുക്തം നവകേരളം കാമ്പയിൻ, ഹരിത പെരുമാറ്റ ചട്ടം, ഫുഡ് ആൻഡ് സേഫ്റ്റി, ഫയർആൻഡ് സേഫ്റ്റി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നൂറിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന സ്വകാര്യ, പൊതു പരിപാടികൾ എല്ലാം നഗരസഭയിൽ റജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് വാങ്ങണം , വെടിക്കെട്ട് നടത്തുന്ന എല്ലാ പരിപാടികളിലും ഫയർ ആൻഡ് സേഫ്റ്റി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായി ഹാജരാക്കണം. ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവർ ഫുഡ് ആൻഡ് സേഫ്റ്റി റജിസ്ട്രേഷൻ എടുക്കണമെന്നും യോഗത്തിൽ തിരുമാനിച്ചു.