ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവം: ഒരുക്കങ്ങൾ പൂർത്തിയായി
1467506
Friday, November 8, 2024 7:03 AM IST
ശ്രീകണ്ഠപുരം: ചെമ്പൻതൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിലും ചെറുപുഷ്പം യുപി സ്കൂളിലുമായി നടക്കുന്ന ഇരിക്കൂർ ഉപജില്ലാ കേരളാ സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അംഗങ്ങൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. 11 മുതൽ 14 വരെയാണ് കലോത്സവം. 12 വേദികളിലായി നടക്കുന്ന അറബിക്, സംസ്കൃതം, ജനറൽ കലോത്സവത്തിൽ ഉപജില്ലയിലെ 94 സ്കൂളുകളിൽ നിന്നായി 7451 കലാകാരന്മാർ പങ്കെടുക്കും. പുതുതായി ചേർത്ത ഗോത്രകലകൾ ഉൾപ്പെടെ 351 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 11ന് വേദി ഒന്ന് "നീലാംബരി'യിൽ അഡ്വ. സജീവ് ജോസഫ് എംഎൽ എ ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയർപേഴ്സൺ കെ. വി. ഫിലോമിനയുടെ അധ്യക്ഷത വഹിക്കും. തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, ഇരിക്കൂർ എ ഇ ഒ, പി.കെ.ഗിരീഷ് മോഹൻ തുടങ്ങിയവർ പങ്കെടുക്കും. 10ന് വൈകുന്നേരം നാലിന് കലോത്സവ പാചകപ്പുരയിൽ പാല് കാച്ചൽ നടത്തും. സ്കൂൾ മാനേജർ ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ബിപിസി ടി.വി.ഒ. സുനിൽ കുമാർ, പ്രോഗ്രാം കൺവീനർ ജോയ്സ് സഖറിയാസ്, പിടിഎ പ്രസിഡന്റ് സജി അടവിച്ചിറ, എച്ച്എം ഫോറം സെക്രട്ടറി സോജൻ ജോർജ്, വൈസ് പ്രസിഡന്റ് കെ.പി. വേണുഗോപാലൻ, കെ.ബി.ബാബു എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
വിളംബര ജാഥ നടത്തി
പയ്യാവൂർ: ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. ചെറുപുഷ്പം യുപി സ്കൂളിൽ നിന്നാരംഭിച്ച ഘോഷയാത്ര ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി.ഫിലോമിന ഫ്ലാഗ് ഓഫ് ചെയ്തു.